
ദില്ലി: വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 വാക്സിന്‍ പാസ്പോര്‍ട്ട് എന്ന വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഈ നീക്കം എതിര്‍ക്കുമെന്ന് ഇന്ത്യ. ബ്രിട്ടനില്‍ ജൂണ്‍ 11 മുതല്‍ 13വരെയാണ് ജി7 രാജ്യങ്ങളുടെ ഉച്ചകോടി. ഈ ഉച്ചകോടിയില്‍ ക്ഷണിതാവായി ഇന്ത്യയും പങ്കെടുക്കും. ഇവിടെവച്ച് വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയത്തില്‍ ആശങ്ക പ്രകടിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
വാക്സിന്‍ പാസ്പോര്‍ട്ട് എന്നത് തീര്‍ത്തും വിവേചനമാണെന്നും, വികസിത രാജ്യങ്ങള്‍ക്ക് ചേര്‍ന്ന നടപടിയല്ല ഇതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കാര്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പ്രതികരിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ്എ എന്നിവരാണ് ജി7രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.
"വികസ്വര രാജ്യങ്ങളിലെ കുറഞ്ഞ വാക്സിനേഷന്‍ ഒരിക്കലും വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഇവിടെ പല ഉത്തരം കിട്ടാത്ത പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. ലഭ്യത, അവയുടെ ഗതാഗതവും വിതരണവും, സുരക്ഷ ഇങ്ങനെ പലതും. വാക്സിന്‍ പാസ്പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം തീര്‍ത്തും വിവേചനപരമാണ്'- കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.
അതേ സമയം വാക്സിന്‍ പാസ്പോര്‍ട്ട് നടപ്പിലാക്കേണ്ട എന്ന നിലപാടില്ലെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന വാക്സിനേഷന്‍ ശ്രമങ്ങളുടെ വിജയങ്ങള്‍ കണക്കിലെടുത്തും. ലോകാരോഗ്യ സംഘടനയുടെ അടക്കം നേതൃത്വത്തില്‍ വാക്സിനേഷന്‍ സംവിധാനത്തില്‍ ആഗോളതലത്തിലെ പ്രശ്നങ്ങള്‍ മറികടന്ന ശേഷവും മതി ഇതെന്നാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന കാര്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam