എയർ ഇന്ത്യ പൈലറ്റിന്റെ മുഖത്ത് തുപ്പിയതിന് ശിക്ഷിക്കപ്പെട്ട ഐറിഷ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published Jul 4, 2019, 12:24 PM IST
Highlights

അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷകയായ സൈമൺ ബേൺസ് ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു

ലണ്ടന്‍: എയര്‍ ഇന്ത്യ പൈലറ്റിന്റെ മുഖത്ത് തുപ്പുകയും അസഭ്യം പറയുകയും ചെയ്തതിന് തടവിൽ കഴിഞ്ഞ ഐറിഷ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ് മാസത്തെ തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ സൈമണ്‍ ബേണ്‍സി(50)നെയാണ് ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ചാണ് ഇവർ പൈലറ്റിനോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. കൂടുതല്‍ മദ്യം ഇവർ ആവശ്യപ്പെട്ടെങ്കിലും വിമാനത്തിലെ ജീവനക്കാർ ഇത് നൽകിയില്ല. ഇതേ ചൊല്ലി സൈമൺ ബേൺസ് യാത്രക്കിടെ വിമാനത്തിനകത്ത് ബഹളം വച്ചു. 

ബഹളം കേട്ട് കോക്‌പിറ്റിൽ നിന്നും പുറത്തേക്ക് വന്ന പൈലറ്റിനോടും ഇവർ തർക്കിച്ചു. അന്തർദേശീയ അഭിഭാഷകയാണ് താനെന്നും റോഹിങ്ക്യന്‍ അഭയാർഥികള്‍ക്കും പലസ്തീന്‍ ജനതയ്ക്കും വേണ്ടി പോരാടുന്ന ആളാണെന്നും പറഞ്ഞ സൈമൺ ബേൺസ് ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും പൈലറ്റിനോട് ചോദിച്ചു. തർക്കത്തിനിടെ പൈലറ്റിന്റെ നേരെ തുപ്പുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്നവർ സംഭവത്തിന്റെ വീഡിയോ ദൃശ്യം പകർത്തുകയും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

ഈ കേസിൽ ഇവരെ ഇംഗ്ലണ്ടിലെ മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. 3000 പൗണ്ട് പിഴയൊടുക്കണമെന്നും കോടതി വിധിയിലുണ്ടായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!