സമാധാനമല്ല, ഉപരോധമാണോ താത്പര്യം? അമേരിക്കയ്‍ക്കെതിരെ ഉത്തരകൊറിയ

By Web TeamFirst Published Jul 4, 2019, 11:05 AM IST
Highlights

അമേരിക്കയ്ക്ക് താൽപര്യം വിലക്കുകളൊടെന്നും സമാധാനാന്തരീക്ഷം തകർക്കുന്ന നടപടികളാണ് അമേരിക്കയുടേതെന്നും ഉത്തരകൊറിയ ആരോപിച്ചു.

വാഷിം​ഗ്ടൺ: ഉപ​രോധങ്ങൾ നീക്കാത്ത അമേരിക്കയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ. കൊറിയൻ ഉപദ്വീപിലെ സമാധാനാന്തരീക്ഷം തകർക്കുന്നത് വാഷിംഗ്ടൺ ആണെന്ന് ഉത്തരകൊറിയ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

അമേരിക്കയ്ക്ക് താൽപര്യം വിലക്കുകളൊടെന്നും സമാധാനാന്തരീക്ഷം തകർക്കുന്ന നടപടികളാണ് അമേരിക്കയുടേതെന്നും ഉത്തരകൊറിയ ആരോപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുകയാണെന്ന സൂചനയാണ് പ്രസ്താവന വ്യക്തമാക്കുന്നത്. അതേസമയം, ഉത്തരകൊറിയയുടെ പ്രസ്താവനയിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

അധികാരത്തിലിരിക്കെ ഉത്തരകൊറിയ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്‍റ് ആണ് ഡോണൾഡ് ട്രംപ്. ദക്ഷിണ- ഉത്തര കൊറിയകള്‍ക്കിടയിലുള്ള സൈനികമുക്ത മേഖലയില്‍വച്ച് ഞായറാഴ്ചയാണ് ഡോണൾഡ് ട്രംപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച്ച നടന്നത്. ഇരുവരും തമ്മില്‍ നേരത്തെ രണ്ടുതവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിലും, പിന്നീട് ഫെബ്രുവരിയിൽ ഹാനോയിലും വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. എന്നാൽ, ഏറെ പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയ ഈ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ആണവ നിരായുധീകരണം സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാത്തതായിരുന്നു കാരണം. 
 

click me!