
തുര്‍ക്കി: വേട്ടയ്ക്ക് ശേഷം കൊലപ്പെടുത്തിയ മൃഗങ്ങളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ സ്വന്തം വളര്‍ത്തുനായയുടെ വെടിയേറ്റ് വേട്ടക്കാരന് ദാരുണാന്ത്യം. തുർക്കിയിലെ അലകാം ജില്ലയിലാണ് സംഭവം. ഓസ്‍ഗുര്‍ ഗെവ്രെകോഗ്ലുവാണ് വേടിയേറ്റ് മരിച്ചത്. വേട്ടയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി ഇയാള്‍ വാഹനത്തിലേക്ക് തോക്ക് എടുത്തുവച്ചു. പിന്നാലെ വളര്‍ത്തു നായ വാഹനത്തില്‍ കയറുന്നതിനിടെ നായയുടെ കാല്‍ നിറത്തോക്കിന്‍റെ ട്രിഗറില്‍ അമരുകയും വെടിപൊട്ടുകയുമായിരുന്നു. ഈ സമയം വാഹനത്തിലേക്ക് വേട്ടയാടി ലഭിച്ച മൃഗങ്ങളെ കയറ്റുകയായിരുന്ന ഓസ്‍ഗുര്‍ ഗെവ്രെകോഗ്ലുവിന് വെടിയേല്‍ക്കുകയും ഇയാള്‍ തത് സമയം കൊല്ലപ്പെടുകയുമായിരുന്നു.
മരിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ഓസ്‍ഗുര്‍ ഗെവ്രെകോഗ്ലിന് ഒരു മകന്‍ പിറന്നതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്‍ഗുര്‍ ഗെവ്രെകോഗ്ലുവിന്‍റെ മൃതദേഹം ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവിധ ഇനത്തില്‍പ്പെട്ട നിരവധി നായകളുടെ ഉടമയാണ് ഇദ്ദേഹം. വേട്ടയ്ക്ക് പോകുമ്പോള്‍ കൂടെ ഒന്നിലധികം നായകളെ ഗെവ്രെകോഗ്ലു കൂടെ കൊണ്ടുപോകാറുണ്ട്. ഇതില്‍ ഏത് നായയുടെ വെടിയേറ്റാണ് ഓസ്‍ഗുര്‍ ഗെവ്രെകോഗ്ലു കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വേട്ടയ്ക്ക് ശേഷം ഇരകളോടും തന്‍റെ നായകളോടുമൊപ്പമുള്ള നിരവധി ഫോട്ടോകള്‍ ഇയാള്‍ തന്‍റെ സാമൂഹിക മാധ്യമ പേജുകളില്‍ പങ്കുവയ്ക്കാറുണ്ട്. ചില മാധ്യമങ്ങള്‍ ഇതൊരു കൊലപാതകമാണെന്നും അത് നായയുടെ മേല്‍ ആരോപിക്കുന്നതാകാമെന്നും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസാണ് കേസ് അന്വേഷിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam