ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്ന് അമേരിക്കയില്‍ എത്തി

By Web TeamFirst Published Apr 12, 2020, 9:03 AM IST
Highlights

അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയോട് മരുന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യ മറുപടി നല്‍കാന്‍ വൈകിയപ്പോള്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായി.
 

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകള്‍ അമേരിക്കയില്‍ എത്തി. മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് 19നെതിരെ ഉപയോഗിക്കാമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് അമേരിക്ക ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറോടെ ന്യൂആര്‍ക്ക് വിമാനത്താവളത്തില്‍ മരുന്ന് എത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡന്‍ തരണ്‍ജിത് സിംഗ് സന്ധു ട്വീറ്റ് ചെയ്തു.

Supporting our partners in the fight against . Consignment of hydroxichloroquine from India arrived at Newark airport today. pic.twitter.com/XZ6utQ6JHr

— Taranjit Singh Sandhu (@SandhuTaranjitS)

ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ വിലക്കിയിരുന്നു. എന്നാല്‍, അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയോട് മരുന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യ മറുപടി നല്‍കാന്‍ വൈകിയപ്പോള്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായി. പിന്നീട് ഇന്ത്യ അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ തീരുമാനത്തെ ട്രംപ് സ്വാഗതം ചെയ്തു. 

അതേസമയം, ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡിന് മരുന്നാണെന്നതിന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യയില്‍ ഈ മരുന്ന് നല്‍കുന്നത്.
 

click me!