
മാഡ്രിഡ്: മാഡ്രിഡ് എയർപോർട്ടിൽ നിന്ന് പാരീസിലേക്ക് പറയുന്നയർന്ന വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനത്തിന്റെ മുൻഭാഗം തകർന്നതോടെ പുകയുയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാഗത്താണ് പക്ഷി ഇടിച്ചത്. ഐബീരിയ എയർബസ് A321-253NY (XLR) വിമാനത്തിന്റെ മുൻഭാഗമാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗത്തിന്റെ മുക്കാലും തകർന്നു. ക്യാബിനിൽ പുക നിറഞ്ഞതോടെ യാത്രക്കാർ ഓക്സിജൻ മാസ്കുകൾ ധരിച്ചു.
എൻജിന് കേടുപാടുകൾ വന്നതിനാലാണ് ക്യാബിനിലേക്ക് പുക എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഫ്രാൻസിലെ പാരീസ് ഓർലി വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനം 20 മിനിറ്റ് മാത്രം പറന്നുയർന്ന് സ്‌പെയിനിന്റെ തലസ്ഥാനത്ത് സുരക്ഷിതമായി തിരിച്ചെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തപ്പോൾ യാത്രക്കാർ ആശ്വാസത്തോടെ കൈയടിച്ചു. 2024 ഒക്ടോബറിലാണ് ഐബീരിയ A321XLR, ദീർഘദൂര യാത്രകൾക്കായി നിർമ്മിച്ച വിമാനം പുറത്തിറക്കിയത്.
റൺവേ 36L ൽ നിന്ന് ഏകദേശം 6,500 അടി ഉയരത്തിൽ കയറിയപ്പോൾ, പക്ഷി റാഡോമിൽ ഇടിക്കുകയും ഇടത് എഞ്ചിനിൽ കുടുങ്ങുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഫാൻ ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എഞ്ചിൻ തീപിടിച്ചതായി കോക്ക്പിറ്റ് അലേർട്ട് നൽകി. എന്നാൽ തീപിടിച്ചോ എന്നതിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. തിരക്കേറിയ ഒരു കേന്ദ്രമായ മാഡ്രിഡ്-ബരാജാസിൽ ഫാൽക്കൺ പട്രോളിംഗ് പോലുള്ള പക്ഷി നിയന്ത്രണ സംവിധാനങ്ങളുണ്ട്. എന്നാൽ സ്പെയിനിന്റെ ആകാശത്ത് സാധാരണയായി കാണപ്പെടുന്ന കഴുകന്മാരെ ഒഴിവാക്കാൻ പ്രയാസമാണെന്ന് ഏവിയസിയോൺലൈൻ പറയുന്നു.