
ബ്രസീലിയ: താരിഫ് വിഷയത്തിൽ ചർച്ച നടത്താൻ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാഗ്ദാനം നിരസിച്ച് ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ട്രംപിനെ വിളിക്കുന്നതിന് പകരം, ബ്രസീലിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ലുല വ്യക്തമാക്കി.
2022ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടക്കുന്നത് 'വേട്ട'യാണെന്ന് ആരോപിച്ച ട്രംപ്, ഇതിന് പ്രതികാരമെന്നോണമാണ് അമേരിക്ക ബ്രസീലിന് മേൽ 50 ശതമാനം താരിഫ് ചുമത്തിയത്. ഇതോടെ വാഷിംഗ്ടണും ബ്രസീലും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
താരിഫ് ഏർപ്പെടുത്തിയ ദിവസത്തെ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ചരിത്രത്തിലെ ഏറ്റവും ഖേദകരമായ സമയമെന്നാണ് ലുല വിശേഷിപ്പിച്ചത്. അമേരിക്കൻ ഭരണമാറ്റത്തിന് മുൻപുതന്നെ മറ്റ് രാജ്യങ്ങളുമായുള്ള വിദേശ വ്യാപാരം ശക്തിപ്പെടുത്താനും ആഭ്യന്തര കമ്പനികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും തന്‍റെ സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നതായി ബ്രസീലിയയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ലുല പറഞ്ഞു.
താരിഫുകൾ ചർച്ച ചെയ്യാൻ താൻ ട്രംപിനെ വിളിക്കില്ലെന്നും, കാരണം യുഎസ് പ്രസിഡന്‍റിന് 'സംസാരിക്കാൻ താൽപര്യമില്ല' എന്നും ലുല പറഞ്ഞു. അതേസമയം, താൻ ഷി ജിൻപിങ്ങിനെ വിളിക്കും, ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ വിളിക്കും. എനിക്ക് പുടിനെ വിളിക്കാൻ കഴിയില്ല, കാരണം അദ്ദേഹത്തിന് ഇപ്പോൾ യാത്ര ചെയ്യാൻ കഴിയില്ല. പക്ഷേ മറ്റ് പല പ്രസിഡന്‍റുമാരെയും വിളിക്കുമെന്നും ലുല വ്യക്തമാക്കി.
യുഎസ് ഡോളറിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഒരു കൂട്ടായ്മയാണ് ബ്രിക്സ് എന്നാണ് അമേരിക്കയുടെ ആരോപണം. ബ്രിക്സ് നയങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് 10 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളാണ്. അതേസമയം, വഷളായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങൾക്കിടയിലും നവംബറിൽ പരായിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 30ലേക്ക് ട്രംപിനെ ക്ഷണിക്കുമെന്നും ലുല പറഞ്ഞു.
അമേരിക്കയുമായി താരിഫ് വിഷയത്തിൽ ചർച്ചകൾക്ക് ബ്രസീൽ തയാറാണെന്ന് ലുല പറഞ്ഞു. പക്ഷേ, ചർച്ചകൾ തുല്യ നിലയിലും പരസ്പര ബഹുമാനത്തോടെയും ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യങ്ങൾ തമ്മിലുള്ള താരിഫുകളും മറ്റ് പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയ്ക്ക് തന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam