
എവിയൻ (ഫ്രാൻസ്): ഇന്ത്യ ആക്രമിക്കപ്പെട്ടാൽ അമേരിക്ക ഇന്ത്യയ്ക്ക് സഹായത്തിനെത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ജി7 ഉച്ചകോടിക്കിടെ നടന്ന ഇന്ത്യ - യുഎസ് ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ദേശീയ മാധ്യമമായ എൻഡിടിവിയുടെ ചോദ്യത്തോടാണ് ട്രംപിൻ്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച ബന്ധമാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ - അമേരിക്ക പ്രതിരോധ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ട്രംപിൻ്റെ മറുപടി. "ഞാൻ കരുതുന്നത് ഇതൊരു മികച്ച ബന്ധമാണെന്നാണ്. കരാറുകൾ ഒന്നുമില്ലാതെ തന്നെ എനിക്ക് നിങ്ങളോട് ഇത് പറയാൻ കഴിയും, ഞങ്ങൾക്ക് ഔദ്യോഗികമായി ഒരു കരാറില്ല. എന്നാൽ അവർ (ഇന്ത്യ) ആക്രമിക്കപ്പെട്ടാൽ, സഹായിക്കാൻ ഞങ്ങൾ അവിടെയുണ്ടാകും" - ട്രംപ് പറഞ്ഞു.
#WATCH | Evian, France | On India-US defence relations, US President Donald Trump says, "I think it is a great relationship...If they were attacked, we would be there to help them...If anybody attacks that man, we are going to be there...If they are attacked and he (PM Modi) is… pic.twitter.com/45pjpLY39e
— ANI (@ANI) June 17, 2026
മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ പിന്തുണയ്ക്കാൻ അമേരിക്ക ഒപ്പമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. മറ്റൊരു നേതാവിന്റെ കീഴിൽ സാഹചര്യം വ്യത്യസ്തമായിരിക്കാമെന്നും ട്രംപ് തമാശരൂപേണ പറഞ്ഞു. അതിനിടെ, ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ സമുദ്ര സുരക്ഷയെക്കുറിച്ചും ഇന്ത്യൻ നാവികരുടെ സുരക്ഷിതത്വത്തെക്കുറിച്ചും മോദി സംസാരിച്ചു. യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിനിടെ ആണ് മോദിയുടെ പ്രതികരണം. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് നാവികരായി ജോലി ചെയ്യുന്നതെന്നും പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അവരുടെ സുരക്ഷയ്ക്ക് തന്നെയാണ് മുൻഗണനയെന്നും മോദി ഊന്നിപ്പറഞ്ഞു.
മുൻപ് ഇന്ത്യയിൽ നടത്തിയ സന്ദർശനത്തെക്കുറിച്ചു ട്രംപ് വാചാലനായി. കഴിഞ്ഞ തവണ ഇന്ത്യയിൽ നടത്തിയ സന്ദർശനം മികച്ചതായിരുന്നുവെന്നും ഇന്ത്യയിൽ വളരെ നല്ലൊരു സമയമാണ് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സമീപകാല സമാധാന ശ്രമങ്ങളിൽ ട്രംപ് വഹിച്ച പങ്കിനെ മോദി അഭിനന്ദിച്ചു. മോദിയുമായി ഏറ്റവും മികച്ച സംഭാഷണമാണ് നടത്തിയതെന്നും ഇരുരാജ്യങ്ങളും വ്യാപാര കരാർ സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam