
കാബൂൾ: അഫ്ഗാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് തൊട്ടുമുമ്പ് വന്‍ സ്ഫോടനം. പ്രദേശത്തെ ഏറ്റവും വലിയ പള്ളിയായ ഗസര്‍ഗാഹ് മസ്ജിദിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തില്‍ പള്ളിയുടെ ഇമാം കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമാമിനെ കൂടാതെ 14 പേര്‍ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആത്മീയപ്രഭാഷകനും താലിബാന്‍ അനുകൂലിയുമായ ഇമാം മുജീബ് ഉർ റഹ്മാൻ അൻസാരിയാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ വാർത്താ ഏജൻസിയായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനം നടന്നതിന് ശേഷമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തീപ്പൊരി പ്രസംഗങ്ങളിലൂടെ പേരുകേട്ട താലിബാൻ അനുകൂല പുരോഹിതനായിരുന്നു കൊല്ലപ്പെട്ട ഇമാം. താലിബാന്‍ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തലവെട്ടണമെന്ന് ഇദ്ദേഹം ജൂലൈയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 10ന് മദ്റസയിൽ നടന്ന ചാവേർ സ്ഫോടനത്തില്‍ താലിബാൻ ഉന്നത നേതാവ് കൊല്ലപ്പെട്ടിരുന്നു. ഷെയ്ഖ് റഹീമുള്ള ഹഖാനിയാണ് അന്ന് കൊല്ലപ്പെട്ടത്. ഇദ്ദേഹം പഠിക്കുന്ന മുറിയിലാണ് ആക്രമണം നടന്നത്. 'രാജ്യത്തെ മഹാനായ അക്കാദമിക് വ്യക്തിത്വമായ ഷെയ്ഖ് റഹീമുള്ള ഹഖാനി ശത്രുക്കളുടെ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചതിൽ അതിയായ ദുഃഖമുണ്ട്'- കരിമി പറഞ്ഞു. കാൽ നഷ്ടപ്പെട്ട ഒരാൾ കൃത്രിമ കാലിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കളുമായി മദ്റസയിലെത്തിയതാണ് പൊട്ടിത്തെറിച്ചതെന്ന് താലിബാൻ വൃത്തങ്ങൾ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. 2020 ഒക്ടോബറിൽ പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തിൽ നിന്ന് ഷെയ്ഖ് റഹീമുള്ള രക്ഷപ്പെട്ടിരുന്നു.
ഹദീസിൽ പണ്ഡിതനായ ഹഖാനി, പാകിസ്താനിലെ സ്വാബി, അകോറ ഖട്ടക് എന്നിവിടങ്ങളിലെ ദേവബന്ദി മദ്റസകളിൽനിന്നാണ് വിദ്യാഭ്യാസം നേടിയത്. നംഗർഹാർ പ്രവിശ്യയിലെ താലിബാൻ സൈനിക കമ്മീഷൻ അംഗമായിരുന്നു. അഫ്ഗാനിസ്ഥാനിലെ ബഗ്രാം ജയിലിൽ യുഎസ് സൈന്യത്തിന്റെ തടവിലായിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെയാണ് മോചിപ്പിക്കപ്പെട്ടത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാന്റെ പ്രധാന വിമർശകനായിരുന്നു ഹഖാനി.
കഴിഞ്ഞ ഒക്ടോബറിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനിടെ സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇയാളുടെ അടുത്ത അനുയായി മുഫ്തി ഖാലിദ് അന്ന് കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഫോളോവേഴ്‌സുമായി ഫെയ്‌സ്ബുക്കിലും യൂട്യൂബിലും റഹീമുള്ള ഹഖാനി സജീവമായിരുന്നു.
പ്രാർഥനക്കിടെ പള്ളിയിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു