ഐഎസ്ആര്‍ഒ ചാരക്കേസ്; കേരളാ പൊലീസിന്‍റെ അന്വേഷണ രീതികളെ ലോകത്തിന് വെളിപ്പെടുത്തിയ ഫൗസിയ ഹസന്‍

Published : Sep 01, 2022, 02:54 PM ISTUpdated : Sep 01, 2022, 03:59 PM IST
ഐഎസ്ആര്‍ഒ ചാരക്കേസ്; കേരളാ പൊലീസിന്‍റെ അന്വേഷണ രീതികളെ ലോകത്തിന് വെളിപ്പെടുത്തിയ ഫൗസിയ ഹസന്‍

Synopsis

മകളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ളൂരുവില്‍ താമസിക്കുകയായിരുന്ന മാലി സിനിമാ നടിയും അതോടൊപ്പം തന്‍റെ സുഹൃത്തുമായിരുന്ന ഫൗസിയ ഹസനെ കാണാനായിരുന്നു മറിയം റഷീദ ഇന്ത്യയിലെത്തിയത്. 


മാലിയും ഇന്ത്യയുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. തിരുവനന്തപുരം ജില്ലയിലെ കുമാരപുരത്ത് ഇന്നും നിരവധി മാലിക്കാരെ കാണാം. ചിലര്‍ പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിയതാണെങ്കില്‍ മറ്റ് ചിലര്‍ മികച്ച ചികിത്സ തേടിയെത്തിയവരാണ്. മാലിക്കാര്‍ക്കായി കുമാരപുരത്ത് അവരുടെ തനത് വിഭവങ്ങള്‍ വില്‍ക്കുന്ന കടകള്‍ പോലുമുണ്ട്. എങ്കിലും മാലി എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും നമ്മുടെ ഉള്ളിലേക്ക് - പ്രത്യേകിച്ചും 90 കള്‍ കടന്നുപോയ തലമുറയുടെ ഉള്ളിലേക്ക് - ആദ്യം കടന്ന് വരുന്നത് 'ചാര കേസ്' തന്നെയാകും. മറിയം റഷീദ, ഫൗസിയ ഹസന്‍, ശശികുമാര്‍, തമ്പി നാരായണന്‍ അങ്ങനെ 90 കളെ ചൂട് പിടിപ്പിച്ച കഥകള്‍ വിസ്തരിച്ച് തന്നെ പുറത്തിറങ്ങി. എന്നാല്‍, കാലങ്ങള്‍ക്കിപ്പുറം ആ കഥകളെല്ലാം വെറും കഥകള്‍ മാത്രമായിരുന്നെന്ന് തെളിഞ്ഞു. പക്ഷേ, അപ്പോഴേക്കും കേസില്‍ പ്രതികളാക്കപ്പെട്ട  ആറ് പേരുടെയും ജീവിതം തിരിച്ച് പിടിക്കാനാകാത്തവിധം നഷ്ടമായിരുന്നു. മറിയം റഷീദ, ഫൗസിയ ഹാസന്‍ എന്നിവര്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ഉപയോഗിച്ച് ഇന്ത്യയുടെ ക്രയോജനിക്ക് സാങ്കേതിക വിദ്യ പാകിസ്ഥാന് കൈമാറാന്‍ ശ്രമിച്ചു എന്നായിരുന്നു വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന ആ വിവാദമായ കേസ്. 

1994 ല്‍ കേരളാ പൊലീസ് കൊണ്ട് പിടിച്ച് അന്വേഷിച്ച കേസ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്‍റെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. രാജ്യം മുഴുവനും അതിന്‍റെ അലയൊലികളുണ്ടായി. പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ വിവാദമായ ചാര കേസ് വെറും കെട്ടുകഥയായി മാറി. മറിയം റഷീദയെന്ന മാലി സ്വദേശിനി, തന്‍റെ പാസ്പോര്‍ട്ടിന്‍റെ വിസാ കാലാവധി കഴിഞ്ഞതിനാല്‍ അത് നീട്ടി കിട്ടാനായി തിരുവനന്തപുരം ജില്ലാ ഇന്‍റലിജന്‍സ് വിഭാഗത്തിലെ അന്നത്തെ ഇന്‍സ്പെക്ടരായിരുന്ന എസ് വിജയനെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി കാണുന്നിടത്ത് വച്ചാണ് ചാര കേസ് ആരംഭിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ താമസിച്ച കുറ്റത്തിന് ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍ വിജയന്‍, മറിയം റഷീദയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും അത് ചാരക്കേസായി മാറുകയുമായിരുന്നു. 

മകളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ളൂരുവില്‍ താമസിക്കുകയായിരുന്ന മാലി സിനിമാ നടിയും അതോടൊപ്പം തന്‍റെ സുഹൃത്തുമായിരുന്ന ഫൗസിയ ഹസനെ കാണാനായിരുന്നു മറിയം റഷീദ ഇന്ത്യയിലെത്തിയത്. വഴിയില്‍ വച്ച് പരിചയപ്പെട്ട ചന്ദ്രശേഖര്‍ എന്ന മലയാളി വ്യവസായിയോട് ഫൗസിയയുടെ മകള്‍ ജിലയുടെ വിദ്യാഭ്യാസകാര്യം മറിയം സൂചിപ്പിച്ചു. ചന്ദ്രശേഖര്‍ ഇതിനായി ഇരുവരെയും പരിചയപ്പെടുത്തിയതാകട്ടെ തന്‍റെ സുഹൃത്തായിരുന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ. അദ്ദേഹം വഴി അന്നത്തെ ഐജിയെയും ജിലയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇരുവരും ബന്ധപ്പെട്ടു. ഇതിനിടെയാണ് മറിയം തന്‍റെ വിസാ കാലാവധി നീട്ടികിട്ടാനായി ഇന്‍റലിജന്‍സ് ഓഫീസിലെത്തുന്നത്. പിന്നെ ആരുടെയൊക്കെയോ തിരക്കഥയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നേറി. പൊലീസ് നല്‍കിയ വിവരങ്ങളില്‍ പൊടിപ്പും തൊങ്ങളും വച്ച് പത്രങ്ങളില്‍ കഥകള്‍ വന്നു, ചിലര്‍ പരമ്പരകളെഴുതി. 

Read More: ഐഎസ്ആർഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 246/94 എന്ന കേസില്‍ 1994 മുതല്‍ 1997 വരെ മൂന്നര വര്‍ഷത്തോളം മറിയവും ഫൗസിയയും ജയിലില്‍ അടയ്ക്കപ്പെട്ടു. ഒടുവില്‍ സിബിഐ കേസ് വെറും ചാരക്കേസ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1998 ല്‍ സുപ്രീംകോടതി പ്രതികളെയെല്ലാവരെയും കുറ്റവിമുക്തരാക്കി. തുടര്‍ന്ന് മാലിയിലെത്തിയ ഫൗസിയ ഹസന്‍ തന്‍റെ പ്രവര്‍ത്തന മേഖലയായിരുന്ന സിനിമയില്‍ വീണ്ടും സജീവമായി. ഇതിനിടെ തന്‍റെ ആത്മകഥ 'വിധിക്കുശേഷം ഒരു (ചാരവനിതയുടെ) വെളിപ്പെടുത്തലുകള്‍'  എന്ന പേരില്‍ പുസ്തകമാക്കി. തന്‍റെ ആത്മകഥയില്‍, 25 വര്‍ഷത്തെ പ്രവര്‍ത്തി പരിജയമുള്ള കേരളാ പൊലീസിലെ ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഫൗസിയ ഹസന്‍ വിവരിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും അവര്‍ തന്നെ നല്‍കിയെന്നും ഫൗസിയ തന്‍റെ ആത്മകഥയിലെഴുതി. 'അവര്‍ മനസ്സില്‍ തോന്നിയതെല്ലാം ചോദിച്ചു. ഞാന്‍ ഉത്തരം നല്‍കാന്‍ നിര്‍ബന്ധിതയായി. നിരവധി തവണ പറഞ്ഞ കഥകള്‍ ഞാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. അതെല്ലാം ഞാന്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണെന്ന് ഒരുവേള എനിക്കും തോന്നി.'

"മറിയം പറഞ്ഞ കഥകള്‍ പൊലീന്‍റെ ഭീഷണിക്കും മര്‍ദ്ദനത്തിനും മുന്നില്‍ താന്‍ സമ്മതിച്ചു. അതിന്‍റെ വീഡിയോ റെക്കോര്‍ഡിങ് ചെയ്തിട്ടും അവരെന്നോട് ദേഷ്യപ്പെട്ടു. ആക്രോശിച്ചു. ഒന്നും അവരെ തൃപ്തിപ്പെടുത്തിയതായി തോന്നിയില്ല. ഒരാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കഴിഞ്ഞാലുടന്‍ മറ്റൊരുതരത്തിലുള്ള ചോദ്യങ്ങളുമായി അടുത്തയാള്‍ വരും. മെഷീന്‍ഗണ്ണിലെ വെടിയുണ്ട കണക്കെയായിരുന്നു അത്. എല്ലാ ചോദ്യങ്ങള്‍ക്കും വളരെ പെട്ടെന്നുതന്നെ ഞാന്‍ ഉത്തരം നല്‍കാന്‍ ശ്രമിച്ചു. ഒരുവേള മൂന്നോ നാലോ പേര്‍ ഒരുമിച്ച് ചോദ്യം ചെയ്തു. എന്നാല്‍ ആരും വ്യത്യസ്തമായ ചോദ്യങ്ങള്‍ക്ക് മുതിര്‍ന്നില്ല. ''പാകിസ്താനുവേണ്ടിയാണോ നിങ്ങളീ കാര്യങ്ങളൊക്കെ ചെയ്തത്? കാരണം നിങ്ങളുടേത് മുസ്‌ലിം രാജ്യമാണല്ലോ. പാകിസ്താനികളാണെങ്കില്‍ മുസ്‌ലിങ്ങളുമാണ്.'' അവരിലൊരാള്‍ പരിഹാസപൂര്‍വം ചോദിച്ചു. ഞാന്‍ അതിനു പ്രതികരിക്കാതെ നിന്നു." -എന്ന് ഫൗസിയ ഹസന്‍ എഴുതുന്നു. 

പിന്നീട് കേരളാ പൊലീസ് മേധാവിയായ രമണ്‍ ശ്രീവാസ്തവ, നമ്പിക്കും ശശികുമാറിനുമെതിരെ മൊഴി നൽകിയില്ലെങ്കില്‍ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മകളെ ഓര്‍ത്ത് പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ തന്നെ പറഞ്ഞു തന്ന മറുപടി താന്‍ ഏറ്റ് പറയുകയും ചെയ്തതായി ഫൗസിയ തന്‍റെ ആത്മകഥയിലെഴുതി. തമ്പി നാരായണന്‍റെ പേര് പോലും അന്ന് തനിക്കറിയില്ലായിരുന്നു. അതിനാല്‍ ചോദ്യം ചെയ്യല്‍ റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് തമ്പി നാരായണന്‍റെ പേര് വലിയ അക്ഷരത്തില്‍ ഒരു ബോര്‍ഡിലെഴുതി പ്രദര്‍ശിപ്പിച്ചു. അത് നോക്കിവായിക്കുകയായിരുന്നു താന്‍ ചെയ്തിരുന്നതെന്നും ഫൗസിയ വെളിപ്പെടുത്തി. 

കുറ്റാന്വേഷണ മികവില്‍ നിരവധി തവണ പ്രശംസിക്കപ്പെട്ടിട്ടുള്ള കേരളാ പൊലീസ് രാജ്യസുരക്ഷയെ കുറിച്ച് നടത്തിയ അന്വേഷണത്തിന്‍റെ രീതികള്‍ ഹൗസിയ ലോകത്തിന് മുന്നില്‍ തന്‍റെ ആത്മകഥയിലൂടെ വെളിപ്പെടുത്തി. നിരപരാധികളെ അകാരണമായി ശിക്ഷിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുന്നത് വരെയെത്തി ഒടുവില്‍ കാര്യങ്ങള്‍. ആ നഷ്ടപരിഹാര തുക പോലും വാങ്ങാന്‍  നില്‍ക്കാതെ ശ്രീലങ്കയിലെ കൊളംമ്പോയില്‍ അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് 2022 ആഗസ്റ്റ് 31 ന് ഫൗസിയ ഹസന്‍ വിടവാങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ഇറാനിലുള്ളത് 9000 ഇന്ത്യക്കാർ