
ലാഹോർ : കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഇമ്രാനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ജയിൽ അധികൃതർ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു. നൂറുകണക്കിന് പിടിഐ പ്രവർത്തകർക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാൻ അനുവദിച്ചത്. ഒക്ടോബർ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാൻ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി നിഷേധിച്ചതോടെ , ഇമ്രാൻ മരിച്ചെന്ന അഭ്യൂഹം ഉയർന്നിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലടക്കം പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ വഴങ്ങിയത്.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്നും മൃതദേഹം ജയിലിൽ നിന്നും മാറ്റിയെന്നുമടക്കം നേരത്തെ പ്രചരിച്ചിരുന്നു. സഹോദരിമാർക്ക് അടക്കം ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതോടെയാണ് മരിച്ചുവെന്ന രീതിയിൽ പ്രചരിച്ചത്. ഇതോടെ ഇമ്രാൻ അനുയായികൾ തെരുവിലിറങ്ങി. ഇമ്രാൻ ഖാൻ ജീവനുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പി.ടി.ഐ. പ്രവർത്തകരും പ്രതിഷേധം ശക്തമാക്കി. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഇമ്രാൻ ഖാന്റെ മറ്റൊരു സഹോദരിയായ അലീമ ഖാൻ നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ആഴ്ചയിൽ 2 തവണ ഇമ്രാന് ബന്ധുക്കളെയും മറ്റും കാണാൻ അവസരമൊരുമെന്നായിരുന്നു ഇസ്‌ലാമാബാദ് ഹൈക്കോടതി മാർച്ചിൽ നിർദ്ദേശിച്ചിരുന്നത്. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും കൂടിക്കാഴ്ചകൾ നിഷേധിക്കുന്നത് ഇമ്രാൻ ഖാന്റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും പ്രചാരമുണ്ടായി. ഇതിനിടെയാണ് പി.ടി.ഐ. പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടയിൽ ഉസ്മ ഖാനത്തിന് ഇമ്രാൻ ഖാനെ സന്ദർശിക്കാൻ ജയിൽ അധികൃതർ അനുമതി നൽകിയത്.