നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുമെന്ന് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തുമെന്നും കമ്പനി. 

ദുബായ്: താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ എമിറേറ്റ്‌സ് പുനരാരംഭിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാം.

നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും എയർലൈൻ അറിയിപ്പിൽ വ്യക്തമാക്കി. ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും എമിറേറ്റ്സ് എയർലൈൻസ് കുറച്ചു നേരം നിർത്തിവെച്ചിരുന്നു. ഇതാണ് ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്നത്. 

യുഎഇയിൽ രാവിലെ വീണ്ടും അല‍ർട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള മുന്നറിയിപ്പുകളും അപ്ഡേറ്റുകളും പിന്തുടരണമെന്നും അധികൃതർ അറിയിച്ചു. അതേസമയം പൊതുജന സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശക്തമായ നിയമം ദുബായ് പാസാക്കി. യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങളിൽ പരിക്കേറ്റ പ്രവാസികളെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. 

ഇതിനിടെ സൗദിയുടെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ അൽ ഷൈബ ഓയിൽ ഫീൽഡ് ആക്രമിക്കാൻ ഇറാന്റെ നിരന്തര ശ്രമം നടക്കുകയാണ്. മിസൈലുകളും ഡ്രോണുകളും തകർത്തെന്ന് സൗദി പ്രതിരോധ സേന വ്യക്തമാക്കി. പത്തു ലക്ഷം ബാരൽ എണ്ണയുൽപാദിപ്പിക്കുന്ന, സൗദി ആരാംകോയുടെ പ്രധാന കേന്ദ്രമാണിത്. പ്രിൻസ് സുൽത്താൻ എയർബേസും റിയാദ് നഗരവും ആക്രമണത്തിന് ലക്ഷ്യം വെക്കപ്പെട്ടു. ബഹ്റൈനിൽ കൂട്ടം കൂടുന്നതിനും അനാവശ്യമായി പുറത്തിറങ്ങുന്നതിനും നിയന്ത്രണമേർപ്പെടുത്തി. ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പരിമിതമായ സർവ്വീസുകൾ തുടങ്ങി. കുവൈത്തും യാത്രക്കാരെ തിരികെ എത്തിക്കാൻ നടപടി തുടങ്ങി. ജിസിസിയിലെ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ വിമാന സർവീസുകളും തുടങ്ങി.