
ഇസ്‌ലാമാബാദ്: പാകിസ്ഥാൻ (Pakistan) പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (Imran Khan) പരിഹസിച്ച് മുൻ ഭാര്യ റെഹം ഖാൻ (Reham Khan). അവിശ്വാസ പ്രമേയം നേരിടാനൊരുങ്ങുന്ന ഇമ്രാന് നേരെയാണ് മുൻഭാര്യ പരിഹാസം ചൊരിഞ്ഞത്. ഇമ്രാൻ ഖാനും ബുദ്ധിയും കഴിയുമില്ലെന്നും നിങ്ങൾ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് രാജ്യം മഹത്തരമായിരുന്നെന്നും റെഹം ട്വീറ്റ് ചെയ്തു. ഇമ്രാൻ താറുമാറാക്കിയത് ശരിയാക്കാൻ പാകിസ്ഥാനിലെ ജനം ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും ‘നയാ പാകിസ്ഥാൻ’ (പുതിയ പാകിസ്ഥാൻ) വാഗ്ദാനം ചെയ്ത ഇമ്രാൻ ഖാൻ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലുൾപ്പെടെ ദയനീയമായി പരാജയപ്പെട്ടതായും റെഹം ഖാൻ കുറ്റപ്പെടുത്തി.
‘ഇമ്രാൻ ചരിത്രമാണ്! നയാ പാക്കിസ്ഥാൻ അവശേഷിപ്പിച്ച ഇല്ലാതാക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും റെഹം ഖാൻ ട്വീറ്റ് ചെയ്തു. ഇമ്രാൻ ഖാന് ബുദ്ധിയും കഴിവുമില്ലെന്നും റെഹം പറഞ്ഞു. ദൈവകൃപയാൽ ജീവിതത്തിൽ സമ്പാദ്യവും പ്രശസ്തിയും ഉൾപ്പെടെ എല്ലാം നേടിയതിനാൽ മറ്റൊന്നും ആവശ്യമില്ലെന്ന് ഇമ്രാൻ ഖാൻ മുമ്പ് പറഞ്ഞത് സൂചിപ്പിച്ചായിരുന്നു റെഹത്തിന്റെ വിമർശനം. ഇമ്രാൻ ഖാൻ പ്രധാനമന്ത്രി അല്ലാതിരുന്ന കാലം പാക്കിസ്ഥാൻ മഹത്തരമായിരുന്നെന്നും റെഹം അഭിപ്രായപ്പെട്ടു. പാകിസ്ഥാനിൽ കടുത്ത പ്രതിസന്ധിയാണ് ഇമ്രാൻ ഖാൻ നേരിടുന്നത്. ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യും. അതിനിടെ തനിക്കെതിരെയുള്ള പ്രതിപക്ഷ നീക്കത്തിന് പിന്നിൽ വിദേശ ശക്തിയാണെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു. ഒരു വിദേശരാജ്യം തന്നെ പുറത്താക്കാൻ ഇടപെട്ടുവെന്ന് അമേരിക്കയുടെ പേരെടുത്തു പറയാതെ ഇമ്രാൻ ആരോപിച്ചു. റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തിയതിന്റെ പേരിലാണ് തനിക്കെതിരെ ആ രാജ്യം തിരിഞ്ഞതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇമ്രാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഉടൻ വോട്ടെടുപ്പു വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അവിശ്വാസപ്രമേയം ചർച്ചക്കും വോട്ടെടുപ്പിനുമായി ഡെപ്യൂട്ടി സ്പീക്കർ ഖ്വാസിം സുരി ഞായറാഴ്ച 11 വരെ സഭ നിർത്തി.
ഘടകകക്ഷികൾ പിന്തുണ പിൻവലിച്ചതിനാൽ ഇമ്രാൻ സർക്കാർ ന്യൂനപക്ഷമാണ്. എന്നാൽ, പ്രതിപക്ഷവുമായി സർക്കാർ ധാരണക്ക് ശ്രമിക്കുന്നിവെന്ന വാർത്തയും പുറത്തുവന്നു. അവിശ്വാസപ്രമേയം പിൻവലിപ്പിച്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനാണ് ഇമ്രാൻ ഖാൻ തയ്യാറാകുക. താൻ രാജിവെക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam