
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി പ്രചരിക്കുകയാണ്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്നും മൃതദേഹം ജയിലിൽ നിന്നും മാറ്റിയെന്നുമടക്കം പ്രചാരമുണ്ടായി. സഹോദരിമാർക്ക് അടക്കം ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതോടെയാണ് മരിച്ചുവെന്ന രീതിയിൽ പ്രചാരണമുണ്ടായത്. ഇതോടെ ഇമ്രാൻ അനുയായികൾ തെരുവിലിറങ്ങുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമായതോടെ ജയിലധികൃതരും സർക്കാരും നിഷേധിച്ചു. എന്നാൽ എന്ത് കൊണ്ട് സന്ദർശനാനുമതി നൽകുന്നില്ലെന്ന ചോദ്യം അപ്പോഴും ബാക്കിയായി. ഒടുവിലിപ്പോൾ റാവൽപിണ്ടിയിലെ അദിയാല ജയിലിൽ അദ്ദേഹത്തെ സന്ദർശിക്കാൻ സഹോദരി ഉസ്മ ഖാന് അധികൃതർ അനുമതി നൽകിയിരിക്കുകയാണ് ജയിൽ അധികൃതർ. ഇന്ന് സഹോദരി ഉസ്മ ഖാൻ ജയിലെത്തി ഇമ്രാൻ ഖാനെ കാണും.
അഴിമതിക്കേസുകളിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും അദ്ദേഹത്തിന് ജീവനുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പി.ടി.ഐ. പ്രവർത്തകരും നേരത്തെ പ്രതിഷേധം ശക്തമാക്കിയിരുന്നു. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഇമ്രാൻ ഖാന്റെ മറ്റൊരു സഹോദരിയായ അലീമ ഖാൻ നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ആഴ്ചയിൽ 2 തവണ ഇമ്രാന് ബന്ധുക്കളെയും മറ്റും കാണാൻ അവസരമൊരുമെന്നായിരുന്നു ഇസ്‌ലാമാബാദ് ഹൈക്കോടതി മാർച്ചിൽ നിർദ്ദേശിച്ചിരുന്നത്.
ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും കൂടിക്കാഴ്ചകൾ നിഷേധിക്കുന്നത് ഇമ്രാൻ ഖാന്റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ പാർട്ടിയായ പി.ടി.ഐ. ആരോപിച്ചു. കൂടാതെ, കഴിഞ്ഞ ആഴ്ച ജയിലിന് പുറത്ത് സമാധാനപരമായി പ്രതിഷേധിച്ച ഇമ്രാൻ്റെ സഹോദരിമാരെ പൊലീസ് ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പി.ടി.ഐ. പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടയിൽ ഉസ്മ ഖാനത്തിന് ഇമ്രാൻ ഖാനെ സന്ദർശിക്കാൻ ജയിൽ അധികൃതർ അനുമതി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam