കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ദിനത്തിൽ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദർശനം സൗജന്യമെന്ന് ഇമ്രാൻ ഖാൻ

Published : Nov 01, 2019, 09:27 AM ISTUpdated : Nov 01, 2019, 12:14 PM IST
കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ദിനത്തിൽ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദർശനം സൗജന്യമെന്ന് ഇമ്രാൻ ഖാൻ

Synopsis

സന്ദര്‍ശനത്തിന് പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്യേണ്ടതില്ലെന്നും ഇമ്രാന്‍ ഖാന്‍  

ദില്ലി: കര്‍ത്താര്‍പൂര്‍ ഇടനാഴി സന്ദര്‍ശനത്തില്‍ ഇളവുമായി പാകിസ്ഥാന്‍. ഇന്ത്യയില്‍ നിന്നുള്ള സിഖ് സന്ദര്‍ശകര്‍ക്ക് ഇടനാഴി തുറക്കുന്ന ദിനം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അറിയിച്ചു. തീര്‍ത്ഥാടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ പാകിസ്ഥാന്‍ നിലപാടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍റെ പുതിയ അറിയിപ്പ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെയാണ് കര്‍ത്താര്‍പൂര്‍ സന്ദര്‍ശനത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചത്. രണ്ടിളവുകള്‍ നല്‍കുന്നുവെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. കര്‍ത്താര്‍പൂര്‍ സന്ദര്‍ശനത്തിന് എത്തുന്ന സിഖ് തീര്‍ത്ഥാടകര്‍ പാസ്പോര്‍ട്ട് കൈവശം കരുതേണ്ടതില്ല, ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതിയാകും. സന്ദര്‍ശനത്തിന് 10 ദിവസം മുന്‍പേ പേര് നല്‍കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. 

കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ദിനമായ നവംബര്‍ ഒന്‍പതിനും, ഗുരുനാനാക്കിന്‍റെ 550 ാം ജന്മദിനമായ നവംബര്‍ 12നും പ്രവേശനം സൗജന്യമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. കര്‍ത്താര്‍പൂര്‍ ഇടനാഴി കരാറില്‍ ഇന്ത്യയുമായി കഴിഞ്ഞയാഴ്ച ഒപ്പു വയ്ക്കുമ്പോള്‍ നിബന്ധനകളില്‍  ഉറച്ചു നിന്ന പാകിസ്ഥാനാണ് ഇപ്പോൾ ഇളവുകൾക്ക് തയ്യാറായത്. ഗുരുനാനാക്ക് അവസാനകാലം ചെലവഴിച്ച പാകിസ്ഥാനിലെ കര്‍ത്താര്‍പൂരിലുള്ള ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കുന്നവരില്‍ നിന്ന്  20 ഡോളര്‍  ഈടാക്കാനാണ്  പാകിസ്ഥാന്‍റെ തീരുമാനം. നടപടി സിഖ് വിഭാഗത്തിന് ഏറെ വേദനയുണ്ടാക്കുമെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇടനാഴിയുടെ ഉദ്ഘാടനം ഇന്ത്യയിൽ നരേന്ദ്രമോദിയും പാകിസ്ഥാനിൽ ഇമ്രാൻ ഖാനും നടത്തും. ഉദ്ഘാടനത്തിന് മുമ്പ് പാകിസ്ഥാൻ അയയുന്നത്  മഞ്ഞുരുകലിന്‍റെ സൂചനയാകുമോയെന്നാണ് ഇനി അറിയേണ്ടത്.
 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം