
യുനാൻ: വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ശുദ്ധ വായു ശ്വസിക്കാനായി എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ. ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുൺമിംഗ് വിമാനത്താവളത്തിൽ മെയ് 11നാണ് സംഭവം നടന്നത്. ചൈന ഈസ്റ്റേൺ എയർലൈനിലാണ് യാത്രക്കാരന്റെ പ്രവർത്തി അടിയന്തര സാഹചര്യം സൃഷ്ടിച്ചത്. യാംഗ് എന്ന യാത്രക്കാരനാണ് എംയു 5828 എന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത്. ചാംഗ്ഷായിൽ നിന്ന് കുൺമിംഗിലേക്ക് എത്തിയതായിരുന്നു ഈ വിമാനം.
എമർജൻസി വാതിൽ തുറന്നതിന് പിന്നാലെ യാത്രക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറങ്ങാനുള്ള സംവിധാനവും പ്രവർത്തിച്ചതോടെ ക്യാബിനുള്ളിൽ വലിയ രീതിയിലുള്ള ആശങ്കയാണ് ഉയർന്നത്. എമർജൻസി വാതിൽ തുറന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ശുദ്ധ വായു ശ്വസിക്കാനാണ് നടപടിയെന്നായിരുന്നു യാത്രക്കാരൻ മറുപടി നൽകിയത്. 20 മിനിറ്റിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ ലാൻഡിംഗ് പൂർത്തിയാക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മെയ് 11ന് രാവിലെ 8.42ഓടെയാണ് വിമാനത്താവളത്തെ ആശങ്കയിലാക്കിയ സംഭവങ്ങൾ നടന്നത്. 10482 പൌണ്ട് മുതൽ 20000 പൌണ്ട് വരെ (ഏകദേശം 11,90,305 രൂപ മുതൽ 22,70,714 രൂപ വരെ) പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്. 2022 മാർച്ചിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ അപകടം ചൈന ഈസ്റ്റേൺ എയർലൈൻ നേരിട്ടിരുന്നു. കുൺമിംഗ് ചംഗ്ഷുയി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗുവാംഗ്സോയിലേക്ക് പോയ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 132 യാത്രക്കാരും ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടത്.
വിമാനം റൺവേയിൽ ടാക്സിയിങ് നടത്തുന്നതിനിടെ ഒരു യാത്രക്കാരൻ എമർജൻസി ഹാൻഡിൽ വലിച്ച് ഇവാക്വേഷൻ സ്ലൈഡ് പുറത്തിറക്കിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയ ശേഷം 20 മിനിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചത്. ആർക്കും പരുക്കില്ലെങ്കിലും അനാവശ്യമായി എമർജൻസി വാതിൽ തുറന്ന യാത്രക്കാരന് വൻതുക പിഴ ലഭിക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം