അനീതിയുടെ തെളിവ്; പൂട്ടിയ സ്കൂളിന്‍റെ ഗ്രൌണ്ടില്‍ നിന്ന് കണ്ടെത്തിയത് 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍

By Web TeamFirst Published Jul 1, 2021, 3:00 PM IST
Highlights

ബ്രിട്ടീഷ് കൊളംബിയയിലെ മെരിവാല്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നാണ് ഏറ്റവും പുതിയതായി വിദ്യാര്‍ത്ഥികളുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് 1890-ല്‍ റോമന്‍ കത്തോലിക്ക സഭ സ്ഥാപിച്ച വിദ്യാലയത്തിലും സമാനസംഭവം കണ്ടെത്തിയിരുന്നു.

മുന്‍പ് റസിഡന്‍ഷ്യല്‍ സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ ഗ്രൌണ്ടില്‍ 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം. തദ്ദേശവാസികളായ ഗോത്രവിഭാഗത്തിലുള്ളവര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന റസിഡന്‍ഷ്യല്‍ സ്കൂള് ഗൌണ്ടില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങള്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേതാവാമെന്ന നിരീക്ഷണത്തിലാണ് വിദഗ്ധരുള്ളത്.  ഏഴുവയസ്സിനും പതിനഞ്ച് വയസിനും മധ്യേയാണ് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ പ്രായമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 


ബ്രിട്ടീഷ് കൊളംബിയയിലെ ക്രാന്‍ബ്രൂക്കിലെ സെന്‍റ് യൂജിന്‍സ് മിഷന്‍സ് സ്കൂളിന് സമീപമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്വേഷണം തുടരണമെന്നാണ് തദ്ദേശവാസികളായ ഗോത്രവര്‍ഗക്കാര്‍ ആവശ്യപ്പെടുന്നത്. ഇനിയും ഇത്തരം സംഭവങ്ങള്‍ കണ്ടെത്താനുള്ള സാധ്യതയും ഗോത്രവാസികള്‍ തള്ളിക്കളയുന്നില്ല. മൂന്ന് മുതല്‍ നാല് അടിയോളം ആഴമുള്ള കുഴികളില്‍ ആയിട്ടാണ് ഈ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 1912ല്‍ കത്തോലിക്കാ സഭയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. 1970 വരെ ഈ സ്കൂളിന്‍റെ പ്രവര്‍ത്തനം കത്തോലിക്കാ സഭയുടെ നേതൃത്വത്തിലായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ആദിമനിവാസികളുടെ കുട്ടികള്‍ക്ക് മുഖ്യധാരാ വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി ആരംഭിച്ച 130  നിര്‍ബന്ധിത സ്‌കൂളുകളുടെ ഭാഗമാണ് ഈ റസിഡന്‍ഷ്യല്‍ സ്കൂളും. കാനഡയുടെ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ ചരിത്രത്തിലേക്ക് പുതിയ അന്വേഷണത്തിന് കൈ ചൂണ്ടുന്നതാണ് നിലവിലെ സംഭവമെന്നാണ് തദ്ദേശവാസികളായ ഗോത്രവര്‍ഗക്കാര്‍ വിശദമാക്കുന്നത്. 1867ല്‍ മൂന്ന് ബ്രിട്ടീഷ് കോളനികള്‍ കാനഡയുടെ ഭാഗമായതിന്‍റെ ഓര്‍മ്മയില്‍ കാനഡ ഡേ ആചരിക്കുന്ന ജൂലൈ 1ന് മുന്‍പായാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലെന്നാണ് ബിബിസി റിപ്പോര്‍ട്ട്.

മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നിരവധി മുന്‍സിപ്പാലിറ്റികളില്‍ കാനഡ ഡേയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ബഹിഷ്കരിച്ചിട്ടുണ്ട്. ഗോത്രവര്‍ഗക്കാര്‍ക്കെതിരായി നടന്ന അങ്ങേയറ്റം അനീതിയുടെ പ്രതിഫലനമാണ് സംഭവമെന്നാണ് കനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോ സംഭവത്തെ വിലയിരുത്തുന്നത്. 1863 - 1998 കാലയളവില്‍ ഒന്നര ലക്ഷം ആദിവാസി കുട്ടികളെയാണ് ഇത്തരം സ്‌കൂളുകളിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവന്നത്. കുട്ടികളോട് വളരെ മോശമായി പെരുമാറിയിരുന്ന സ്‌കൂളുകള്‍ പീഡനകേന്ദ്രങ്ങള്‍ കൂടിയായിരുന്നു.

റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍

ഇങ്ങനെ പിടിച്ചുകൊണ്ടുവന്ന കുട്ടികളില്‍ ആയിരക്കണക്കിന് പേര്‍ വീടുകളില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് 2008-ല്‍ ഈ പീഡനകേന്ദ്രങ്ങളെ കുറിച്ച് അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. 2008-ല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഈ സംഭവങ്ങളില്‍ മാപ്പു പറഞ്ഞിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് 1890-ല്‍ റോമന്‍ കത്തോലിക്ക സഭ സ്ഥാപിച്ച വിദ്യാലയത്തിലും സമാനസംഭവം കണ്ടെത്തിയിരുന്നു.  1978 -ല്‍ അടച്ചുപൂട്ടുകയും ചെയ്ത കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു രണ്ട് മാസത്തിന് മുന്‍പ് 215 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!