ഭീകരക്യാംപുകൾക്കെതിരെ ഉടൻ നടപടിയെടുക്കണം; പാകിസ്ഥാന് ബ്രിട്ടന്‍റെ ശക്തമായ മുന്നറിയിപ്പ്

By Web TeamFirst Published Mar 3, 2019, 10:15 PM IST
Highlights

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഫോണിൽ സംസാരിച്ചു. 

ദില്ലി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശക്തമായ മുന്നറിയിപ്പ്. പാകിസ്ഥാനിലെ ഭീകരക്യാംപുകൾക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് തെരേസ മേ ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. ഇമ്രാൻ ഖാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് തെരേസ മേയ് മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യ - പാക് അതിർത്തിയിലെ സംഘർഷം അയഞ്ഞതിൽ സന്തോഷമെന്ന് ഫോൺ സംഭാഷത്തിനിടെ തെരേസ മേയ് പറഞ്ഞു. വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വിട്ടയച്ച പാക് നടപടിയെയും തെരേസ മെയ് സ്വാഗതം ചെയ്തു. എന്താകാം ഇത്തരമൊരു സംഘർഷത്തിനുണ്ടായ കാരണമെന്ന് ഇരു നേതാക്കളും വിലയിരുത്തി.

ആഗോള ഭീകരതയെ നേരിടാനുള്ള പോരാട്ടത്തിൽ പാകിസ്ഥാനും ഒപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട തെരേസ മേയ്, ഭീകരക്യാംപുകൾക്കും കേന്ദ്രങ്ങൾക്കുമെതിരെ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷമുണ്ടായ ഇന്ത്യ - പാക് സംഘർഷം ഒരു പക്ഷേ യുദ്ധത്തോളമെത്തുമോ എന്ന് ആശങ്കയുണർന്നിരുന്നു. ബാലോകോട്ടിൽ ഇന്ത്യ തിരിച്ചടിച്ചതിനെ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ അതിർത്തി കടന്ന് പാക് വിമാനങ്ങൾ ആക്രമണം നടത്തിയപ്പോൾ അവരെ തുരത്തുന്നതിനിടെ വിമാനം തകർന്ന് പാക് അധീന കശ്മീരിൽ കുടുങ്ങിയ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തതോടെ സ്ഥിതി വഷളായി.

ഒടുവിൽ അമേരിക്കയും സൗദി അറേബ്യയുമടക്കമുള്ള ലോകരാജ്യങ്ങൾ ഇടപെട്ടാണ് അഭിനന്ദനെ തിരികെയെത്തിച്ചത്. ഈ സാഹചര്യത്തിലാണ് ബ്രിട്ടണും പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകുന്നത്.

click me!