'എ ഐ ചിലരുടെ കൈകളില്‍ ഒതുങ്ങരുത്, അത് വിവേകത്തോടെ ഉപയോഗിക്കണം'; ലോകത്തിന് മുന്നറിയിപ്പുമായി മാര്‍പ്പാപ്പ

Published : May 25, 2026, 05:12 PM IST
Pope Leo XIV

Synopsis

അതിവേഗം മാറുന്ന സാങ്കേതികവിദ്യകള്‍ക്കിടയിലും മനുഷ്യന്റെ സവിശേഷമായ മഹത്വത്തെ സംരക്ഷിക്കുക, യുദ്ധങ്ങളില്‍ എ ഐ ഉപയോഗിക്കുന്നത് കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഈ രേഖയിലുള്ളത്.

വത്തിക്കാന്‍: നിര്‍മ്മിതബുദ്ധിയുടെ (എഐ) നിയന്ത്രണം ചിലരുടെ മാത്രം കൈകളില്‍ ഒതുങ്ങരുതെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. മാര്‍പ്പാപ്പ പദവിയിലിരിക്കെ പുറത്തിറക്കിയ ആദ്യ പ്രധാന ദൈവശാസ്ത്ര രേഖയിലൂടെയാണ് (Encyclical). അദ്ദേഹം എ ഐയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. സൈനിക പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി ഏറ്റുമുട്ടല്‍ തുടരുന്ന ആന്ത്രോപിക് സഹസ്ഥാപകനായ ക്രിസ് ഓലയോടൊപ്പം ചേര്‍ന്നാണ് മാര്‍പ്പാപ്പ 235 പേജുള്ള പുസ്തകം പുറത്തിറക്കിയത്.

നിര്‍മ്മിതബുദ്ധി രംഗത്തെ വന്‍കിട മുതലാളിമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം വേണമെന്ന മാര്‍പ്പാപ്പയുടെ ആഹ്വാനത്തെ ക്രിസ് ഓലയും പിന്തുണച്ചു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മാത്രം കൈകളില്‍ തീരുമാനങ്ങള്‍ വിട്ടുകൊടുക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. 'ആന്ത്രോപിക് ഉള്‍പ്പെടെ മുന്‍നിര എഐ കമ്പനികള്‍ ചില പ്രലോഭനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഉള്ളിലാണ് പ്രവര്‍ത്തിക്കുന്നത്, അത് ചിലപ്പോള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിന് തടസ്സമായേക്കാം. ഈ സാങ്കേതികവിദ്യ നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, അത്തരം താല്പര്യങ്ങള്‍ക്ക് പുറത്തുള്ള ആളുകള്‍ ഉണ്ടാകേണ്ടത് പ്രധാനമാണ്. ഞങ്ങളെ ആത്മാര്‍ത്ഥമായും ചിന്താപരമായും വിമര്‍ശിക്കാന്‍ തയ്യാറുള്ളവര്‍. അതാണ് മാര്‍പ്പാപ്പയുടെ രേഖയില്‍ കാണുന്നത്-അദ്ദേഹം പറഞ്ഞു.

പരമ്പരാഗതമായി മാര്‍പ്പാപ്പമാര്‍ മെത്രാന്മാര്‍ക്കും ആഗോള കത്തോലിക്കാ സഭയ്ക്കും അയക്കുന്ന കത്താണ് ദൈവശാസ്ത്ര വിജ്ഞാപനം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിജ്ഞാപനം ഉപയോഗിച്ചതോടെ, ഇത് ലോകം മുഴുവനെ അഭിസംബോധന ചെയ്യുന്ന ഒന്നായി മാറി. നിര്‍മ്മിതബുദ്ധിയെക്കുറിച്ചുള്ള ലിയോ പതിനാലാമന്റെ 'മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്' (മഹത്തായ മാനവികത) എന്ന രേഖയും ലോകത്തെ അഭിസംബോധന ചെയ്യുന്നു.

യുദ്ധത്തിന് എതിരായ സന്ദേശം

അതിവേഗം മാറുന്ന സാങ്കേതികവിദ്യകള്‍ക്കിടയിലും മനുഷ്യന്റെ സവിശേഷമായ മഹത്വത്തെ സംരക്ഷിക്കുക, യുദ്ധങ്ങളില്‍ എ ഐ ഉപയോഗിക്കുന്നത് കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഈ രേഖയിലുള്ളത്. നിര്‍മ്മിതബുദ്ധിയെ കുറിച്ചാണ് ഈ വിജ്ഞാപനമെങ്കിലും, ഇത് സാങ്കേതിക കാര്യങ്ങള്‍ക്കപ്പുറം മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികളെ സ്പര്‍ശിക്കുന്ന ഒരു രേഖയാണ്.

ശക്തി, അക്രമം, ആയുധങ്ങള്‍ എന്നിവയുടെ ഉപയോഗം സാധാരണ ജനങ്ങളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുദ്ധത്തെ ന്യായീകരിക്കുന്ന ക്രൈസ്തവ സിദ്ധാന്തമായ 'നീതിപൂര്‍വ്വമായ യുദ്ധം' എന്നത് കാലഹരണപ്പെട്ടതാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു. സൈനിക ശക്തി ഏറ്റവും കര്‍ശനമായ അര്‍ത്ഥത്തിലുള്ള ആത്മരക്ഷയ്ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ. സാമൂഹിക നീതിയുടെ യഥാര്‍ത്ഥ ഉരകല്ല് കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടുമുള്ള പെരുമാറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ അടിമത്തത്തിന് സഭ നല്‍കിയ നിയമസാധുതയ്ക്കും ആ വിപത്തിനെ അപലപിക്കാന്‍ വരുത്തിയ കാലതാമസത്തിനും അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു.

ഇറാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുദ്ധത്തെ ന്യായീകരിക്കാന്‍ മതപരമായ ഭാഷ ഉപയോഗിക്കുന്ന ലോകനേതാക്കളെ അദ്ദേഹം ശാസിക്കുകയും ചെയ്തു. തുടര്‍ന്ന്, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് 'നീതിപൂര്‍വ്വമായ യുദ്ധ'ത്തോടുള്ള മാര്‍പ്പാപ്പയുടെ ഈ എതിര്‍പ്പ് വരുന്നത്. മാര്‍പ്പാപ്പ 'ദൈവശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം' എന്നായിരുന്നു വാന്‍സ് പറഞ്ഞത്.

വിജ്ഞാപനം പുറത്തിറക്കാന്‍ ആന്ത്രോപിക് കമ്പനിയെ തിരഞ്ഞെടുത്തത്, അമേരിക്കക്കാരനായ മാര്‍പ്പാപ്പയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളെ കൂടി പ്രതിഫലിപ്പിക്കുന്നതായി സി എന്‍ എന്‍ ചൂണ്ടിക്കാട്ടുന്നു.

'നിര്‍മിതി ബുദ്ധി ഉപയോഗിക്കുന്നത് കരുതലോടെ വേണം'

ഒരു ബൈബിള്‍ കഥ ഉദ്ധരിച്ച്, നിര്‍മ്മിതബുദ്ധിയിലൂടെ മനുഷ്യരാശി മറ്റൊരു ബാബേല്‍ ഗോപുരം നിര്‍മ്മിക്കാനുള്ള അപകടസാധ്യതയിലാണ് എന്ന് മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി. ഒരൊറ്റ ശക്തിയും ഒരു ഭാഷയും ഉപയോഗിച്ച് തങ്ങള്‍ക്കായി ഒരു പേരുണ്ടാക്കാന്‍ മനുഷ്യര്‍ നടത്തിയ ശ്രമമായിരുന്നു ബാബേല്‍ ഗോപുരം. മനുഷ്യനെ അടിമപ്പെടുത്തുകയും ആത്യന്തികമായി മാനവികത ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു പദ്ധതിക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ കഥയെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കുന്നു.

എ ഐ സാങ്കേതികവിദ്യ ജനങ്ങളുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കണം. അതിനായി ശക്തമായ നിയമനിര്‍മാണങ്ങള്‍, സ്വതന്ത്രമായ മേല്‍നോട്ടം, വിവരമുള്ള ഉപയോക്താക്കള്‍, ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാത്ത സര്‍ക്കാറുകള്‍ എന്നിവ ആവശ്യമാണെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.

എ ഐ സാങ്കേതികവിദ്യ നല്‍കുന്ന അവസരങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുകയോ അത് ഒരു ശോഭനഭാവി തുറന്നുതരുമെന്ന് അന്ധമായി വിശ്വസിക്കുകയോ ചെയ്യാത്ത ഒരു സമീപനമാണ് മാര്‍പ്പാപ്പയുടെ രേഖയുടേത്.

പ്രായമാകല്‍ പോലുള്ള ശാരീരികവും ജൈവികവുമായ പരിമിതികളെ മറികടക്കാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന ആശയമായ ട്രാന്‍സ്ഹ്യൂമനിസത്തെയും മനുഷ്യന്റെ സവിശേഷതകളെ ചോദ്യം ചെയ്യുകയും മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന പോസ്റ്റ്ഹ്യൂമനിസത്തെയും മാര്‍പ്പാപ്പ വിമര്‍ശിക്കുന്നുണ്ട്.

ഒരു വര്‍ഷം മാത്രം നീണ്ട ഭരണകാലത്തിനിടയില്‍ മാര്‍പ്പാപ്പ പലതവണ എ ഐയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അമിതമായി സ്‌നേഹം പ്രകടിപ്പിക്കുന്ന' ചാറ്റ്‌ബോട്ടുകള്‍ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. വത്തിക്കാനില്‍ നടന്ന എഐ സമ്മേളനത്തില്‍ പങ്കെടുത്ത സാങ്കേതികവിദ്യാ മേധാവികള്‍ക്ക് ഇക്കാര്യം വ്യക്തമാക്കി സന്ദേശമയക്കുകയും ചെയ്തു. പ്രസംഗങ്ങള്‍ എഴുതാന്‍ നിര്‍മ്മിതബുദ്ധി ഉപയോഗിക്കരുതെന്ന് വൈദികരോട് ആവശ്യപ്പെട്ടും അദ്ദേഹം രംഗത്തെത്തിയിരുന്നു. ഈ വിജ്ഞാപനം പുറത്തിറങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, സാങ്കേതികവിദ്യയുടെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുന്നതിനായി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുന്ന ഒരു വത്തിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ മാര്‍പ്പാപ്പ തീരുമാനമെടുത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഠിക്കേണ്ട വിവാഹം കഴിച്ചാല്‍ മതിയെന്ന് താലിബാന്‍; രക്ഷപ്പെടാനായി ഒരു 19 കാരിയുടെ അതിസാഹസിക യാത്ര!
എബോള ഭീതി; യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി ഒമാൻ