കൊവിഡ് 19 -ന്റെ പേരിലും തട്ടിപ്പ്, സ്‌പെയിനില്‍ ഡോക്ടർമാരുടെ വേഷത്തിൽ വീട്ടിൽ പരിശോധനയ്‌ക്കെത്തിയത് കള്ളന്മാർ

By Web TeamFirst Published Mar 13, 2020, 10:40 AM IST
Highlights

രണ്ടു ദിവസം മുമ്പ് നഗരത്തിലെ ഡോക്ടർമാരുടെ വേഷമണിഞ്ഞെത്തി രണ്ടു സ്ത്രീകളും ഒരു പുരുഷന്മാരും ചേർന്ന് തട്ടിപ്പു നടത്താൻ ശ്രമിച്ചു

ബാഴ്‌സലോണ:  ഇന്നലെ ബാഴ്‌സലോണ പൊലീസിന് കൊവിഡ് 19 സംബന്ധിച്ച സാധാരണ മുന്നറിയിപ്പുകൾക്കിടയിൽ വേറിട്ട ഒരു അറിയിപ്പുകൂടി പുറത്തിറക്കേണ്ടി വന്നു. കൊറോണാ പരിശോധനയ്ക്ക് എന്നും പറഞ്ഞ് ആരെങ്കിലും വന്നാൽ ഉടനടി പൊലീസിൽ വിവരമറിയിക്കണം എന്നായിരുന്നു നോട്ടീസിൽ. രണ്ടു ദിവസം മുമ്പ് നഗരത്തിലെ ഡോക്ടർമാരുടെ വേഷമണിഞ്ഞെത്തി രണ്ടു സ്ത്രീകളും ഒരു പുരുഷന്മാരും ചേർന്ന് തട്ടിപ്പു നടത്താൻ ശ്രമിച്ചതോടെയാണ് ഇങ്ങനെ ഒരു നടപടിയുണ്ടായത്. 
 
ഒരു പ്രായമായ സ്ത്രീ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിനുള്ളിലേക്കാണ് കൊറോണാ വൈറസ് പരിശോധനയ്ക്ക് എന്നും പറഞ്ഞ് ഡോക്ടർമാരുടെ വേഷമിട്ട തട്ടിപ്പുകാർ വന്നത്. അവരെ ഗ്രില്ലിനു പുറത്തു നിർത്തി സംസാരിച്ച ആ സ്ത്രീക്ക് വന്നവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി. അവർ അകത്തുചെന്ന് പൊലീസിന് ഫോൺ ചെയ്തപ്പോഴേക്കും തട്ടിപ്പുകാർ സ്ഥലം വിടുകയും ചെയ്തു. 

സ്വയം ഐസൊലേഷനിൽ കഴിയുന്ന ഏതൊരു രോഗിയെയും പരിശോധിക്കാൻ വേണ്ടി ആൾ വരുന്നതിനു മുമ്പ് നേരത്തെ വിളിച്ച് അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യും എന്നും, വിളിച്ചു പറയാതെ ആരുവന്നാലും വാതിൽ തുറന്നു കൊടുക്കേണ്ടതില്ല എന്നുമാണ് സ്പാനിഷ് പോലീസിന്റെ നിർദേശം. സ്‌പെയിൻ ഇതുവരെ നൂറോളം പേർ കൊവിഡ് 19 ബാധിച്ചു മരിച്ചിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ ജനങ്ങൾ ആശങ്കാകുലരാണ്. ഇതുമുതലെടുത്തായിരുന്നു തട്ടിപ്പു നടത്താനുള്ള ശ്രമമുണ്ടായത്. 

click me!