118 രാജ്യങ്ങളിലെ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, വൈറസ് ഭീതിയില്‍ ട്രംപും

By Web TeamFirst Published Mar 13, 2020, 8:42 AM IST
Highlights

ഭാര്യയ്ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാന്നഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഐസൊലേഷനിലാക്കി. 


ഒട്ടാവ: ഭാര്യയ്ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാന്നഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഐസൊലേഷനിലാക്കി. ബ്രിട്ടണില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയി തിരിച്ചു വന്നതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ പത്നി സോഫി ട്രൂഡോ കൊവിഡ് 19 രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. 

രോഗബാധ സംബന്ധിച്ച് സംശയമുണ്ടായതോടെ മുഴുവന്‍ ഔദ്യോഗിക പരിപാടികളും റദ്ദാക്കി ട്രൂഡോയും സോഫിയും ഔദ്യോഗിക വസതിയില്‍ തുടരുകയാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരണമാണെന്നും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ഇരുവരേയും നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും കന്നേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. 

രോഗബാധ സംശയിക്കുന്നതില്‍ മാറി നില്‍ക്കുകയാണെന്നും എന്നാല്‍ ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍  നല്‍കുകയും ചെയ്യുന്നുണ്ടെന്നും ട്രൂഡോയും വ്യക്തമാകുന്നു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും ഇറാനിലെ ആരോഗ്യസഹമന്ത്രിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 

രോഗബാധ സംശയിച്ച് ട്രൂഡോ ഐസൊലേഷനിലേക്ക് മാറിയതോടെ ട്രൂഡോയുമായി അടുത്ത് ഇടപഴകിയ ചില കന്നേഡിയന്‍ മന്ത്രിമാരും ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി സ്വവസതിയില്‍ തുടരുകയാണെന്നാണ് വിവരം. രോഗം ബാധിച്ച ആരോഗ്യമന്ത്രിയുമായി അടുത്തിടപഴകിയ ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെ വിദഗ്ദ്ധസംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. 

അടുത്തിടെ തന്നെ സന്ദര്‍ശിച്ച ബ്രസീലിയന്‍ പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് ബാധയാണെന്ന വാര്‍ത്ത വന്നതോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡ‍ൊണാള്‍ഡ് ട്രംപും കടുത്ത ആശങ്കയിലാണെന്ന് അദ്ദേഹത്തിന്‍റെ ഓഫീസിനെ ഉദ്ധരിച്ച് അമേരിക്കന്‍മ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊവിഡ് 19 അനിയന്ത്രിതമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി ലോകരാജ്യങ്ങൾ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമം തുടരുകയാണ്. 118 രാജ്യങ്ങളിലായി 125,000 പേർക്ക് കൊവിഡ് 19 ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4600 - കടന്നു. 

കൊവിഡ് അതിവേഗം പടര്‍ന്ന ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രം 189 പേരാണ് ഇറ്റലിയില്‍ മാത്രം മരിച്ചത്. 15,113 പേർ രോഗബാധിതരായി ഇറ്റലിയിൽ ചികിത്സയിലുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ വിവിധ സ്ഥലങ്ങളിലെ കോൺസുലർ സേവനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 

click me!