
കൊളംബോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം. അയൽപക്കത്തിന് മുൻഗണന എന്ന നയത്തിന്റെ ഭാഗമായി 38,000 മെട്രിക് ടൺ ഇന്ധനമാണ് അടിയന്തരമായി ഇന്ത്യ കൊളംബോയിലെത്തിച്ചത്. ഇസ്രയേൽ - അമേരിക്ക - ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തിൽ ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയത് മുതൽ ശ്രീലങ്ക വലിയ വെല്ലുവിളിയാണ് ഇന്ധനത്തിന്‍റെ കാര്യത്തിൽ നേരിടുന്നത്. വെസ്റ്റ് ഏഷ്യ, സിംഗപ്പൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ശ്രീലങ്ക ഇന്ധനം വാങ്ങിയിരുന്നത്. എന്നാൽ യുദ്ധം രൂക്ഷമായതോടെ ലങ്കൻ മണ്ണിലേക്ക് ഇന്ധനമെത്തിക്കുന്ന വിതരണക്കാർ കൈയൊഴിഞ്ഞതാണ് ദ്വീപ് രാഷ്ട്രത്തിന് വലിയ തിരിച്ചടിയായത്. ലങ്ക ഐ ഒ സി വഴിയാണ് നിർണായക സമയത്ത് ലങ്കൻ ജനതയെ സഹായിക്കാൻ ഇന്ത്യ ഇന്ധനം കൈമാറിയത്.
അതേസമയം പശ്ചിമേഷ്യൻ സംഘർഷം തുടർന്ന് ഹോർമുസ് കടലിടുക്കിക്കിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ എൽ പി ജി ടാങ്കറുകൾ ഉടൻ രാജ്യത്ത് എത്തും. കപ്പലുകൾ ഇന്നലെ നാവികസേനയുടെ സംരക്ഷണത്തിൽ കടലിടുക്ക് കടന്നിരുന്നു. BW TYR നാളെ മുംബൈ തീരത്തും, BW ELM മറ്റന്നാൾ മംഗ്ലൂർ തീരത്തുമാണ് എത്തുക. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമോസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായ പെട്രോൾ, ഡീസൽ, എൽ പി ജി സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിന് പുറമെ രാജ്യത്ത് പൂഴ്ത്തിവെപ്പ് തടയാനായി വ്യാപക റെയ്ഡുകളും കർശന നടപടി സ്വീകരിക്കുന്നതും തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam