
ടെഹ്‌റാൻ: ലെബനനിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേലിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് അബ്ബാസ് അരാഗ്‌ചി കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെയാണ് ഇസ്രായേൽ നടപടിക്കെതിരെ അരാഗ്‌ചി രംഗത്തെത്തിയത്. മേഖലയിലെയും ലോകത്തെയും മാധ്യമസമൂഹത്തിന് ഇതൊരു വലിയ നഷ്ടമാണെന്നും ലോകമനസ്സാക്ഷിയെ ഉണർത്തേണ്ട ഗൗരവകരമായ മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
ഹെസ്ബുള്ളയുടെ കീഴിലുള്ള അൽ മനർ ടിവിയിലെ റിപ്പോർട്ടറായ അലി ഷുഐബ്, അൽ മയാദീൻ ചാനലിലെ റിപ്പോർട്ടർ ഫാത്തിമ ഫ്തൂനി, അവരുടെ സഹോദരനും ക്യാമറമാനുമായ മുഹമ്മദ് ഫ്തൂനി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
അലി ഷുഐബിനെ വധിച്ചതായി സ്ഥിരീകരിച്ച ഇസ്രായേൽ പ്രതിരോധ സേന (IDF), അദ്ദേഹം ഇറാൻ പിന്തുണയുള്ള ഹെസ്ബുള്ളയുടെ എലൈറ്റ് റദ്വാൻ ഫോഴ്സിലെ ഒരു "ഭീകരൻ" ആണെന്നും വർഷങ്ങളായി മാധ്യമപ്രവർത്തകൻ എന്ന വ്യാജേന പ്രവർത്തിച്ചു വരികയായിരുന്നുവെന്നും ആരോപിച്ചിരുന്നു.
എന്നാൽ, സത്യം വിളിച്ചുപറയുന്നവരുടെ ശബ്ദം അടിച്ചമർത്താനും സത്യത്തെ ഭയപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. വ്യക്തികളെ ഇല്ലാതാക്കുന്നതിനപ്പുറം വലിയൊരു ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരെ ലക്ഷ്യം വെയ്ക്കുന്നതിൽ ഇസ്രായേലിന് വലിയൊരു ചരിത്രമുണ്ടെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണെന്നും അരാഗ്‌ചി വ്യക്തമാക്കി. യുദ്ധമുഖത്തെ വാർത്തകൾ പുറംലോകത്തെ അറിയിക്കുന്നവരെ ഇല്ലാതാക്കുന്നതിലൂടെ ഇസ്രായേൽ തങ്ങളുടെ ക്രൂരതകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam