കൂടുതല്‍ പേരെ പരിശോധിച്ചാല്‍ ഇന്ത്യയിലും ചൈനയിലും അമേരിക്കയിലേക്കാള്‍ കൊവിഡ് രോഗികള്‍ ഉണ്ടാവും: ട്രംപ്

By Web TeamFirst Published Jun 6, 2020, 6:57 PM IST
Highlights

കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാവുന്നവരുടെ എണ്ണം കൂടുന്നത് കൊണ്ടാണ് കൂടുതല്‍ രോഗികളുള്ളതെന്നും ട്രംപ്. ഇന്ത്യ, ചൈന അതുപോലുള്ള മറ്റ് രാജ്യങ്ങളില്‍ തങ്ങള്‍ പരിശോധന നടത്തിയാല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുമെന്നും ട്രംപ്

കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കില്‍ ഇന്ത്യയിലും ചൈനയിലും അമേരിക്കയിലേക്കാള്‍ കൊവിഡ് 19 രോഗികള്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ആശുപത്രി ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളുമായി സംസാരിക്കുമ്പോഴാണ് ട്രംപിന്‍റെ പരാമര്‍ശം. അമേരിക്കയുടെ കൊവിഡ് 19 പരിശോധനാ രീതികള്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ട്രംപ് അവകാശപ്പെടുന്നു.

വെള്ളിയാഴ്ചയ്ക്കുള്ളില്‍ 20 മില്യണ്‍ സാംപിളുകളാണ് അമേരിക്കയില്‍ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതെന്നും ട്രംപ് പറയുന്നു. മഹാമാരി സാരമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് യുഎസ്. കൊവ്ഡ് 19 ബാധിച്ചവരും കൊവിഡ് 19 കേസുകളുടെ എണ്ണത്തിലും ഏറ്റവും മുന്നിലുള്ള രാജ്യമാണ് യുഎസ്. ജോണ്‍സ് ഹോപ്കിന്‍സ് ഡാറ്റകളുടെ അടിസ്ഥാനത്തില്‍ 1.9 മില്യണ്‍ കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനോടകം 109000 പേരാണ് യുഎസില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 84177 കേസുകളും 4638 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാവുന്നവരുടെ എണ്ണം കൂടുന്നത് കൊണ്ടാണ് കൂടുതല്‍ രോഗികളുള്ളതെന്നും ട്രംപ് വാദിക്കുന്നു. ഇന്ത്യ, ചൈന അതുപോലുള്ള മറ്റ് രാജ്യങ്ങളില്‍ തങ്ങള്‍ പരിശോധന നടത്തിയാല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുമെന്നും ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 4 മില്യണ്‍ സാംപിളുകള്‍ പരിശോധിച്ച ജര്‍മ്മനിയും മൂന്ന് മില്യണ്‍ സാംപിളുകള്‍ പരിശോധന നടത്തിയെന്ന് വാദിക്കുന്ന ദക്ഷിണ കൊറിയയുമായാണ് അമേരിക്കയിലെ കൊവിഡ് പരിശോധനാ രീതി താരതമ്യം ചെയ്യേണ്ടതെന്നും ട്രംപ് പറയുന്നു. ചൈനയാണ് കൊറോണ വൈറസിന് കാരണമായതെന്ന് ട്രംപ് വീണ്ടും ആരോപിച്ചു. വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ യുഎസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്നും ട്രംപ് വിശദമാക്കി.  
 

click me!