
ദില്ലി: വലിയ പോർവിളിയുമായെത്തിയ പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത് ഇന്ത്യ നൽകിയ കനത്ത പ്രഹരം കാരണം. മിസൈലുകളും ഡ്രോണുകളുമായി ഇന്ത്യക്കെതിരെ ആദ്യഘട്ടത്തിൽ വലിയ ആക്രമണത്തിന് കോപ്പുകൂട്ടിയ പാകിസ്ഥാൻ, ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ രക്ഷയില്ലാതെയാണ് മധ്യസ്ഥതക്കായി അമേരിക്കയെ സമീപിച്ചത്. ബ്രഹ്മോസ് പ്രയോഗവും സൈനിക വ്യോമത്താവളങ്ങളിലെ നാശനഷ്ടങ്ങളും അമേരിക്കൻ മധ്യസ്ഥത തേടാൻ പാകിസ്ഥാനെ നിർബന്ധിതമാക്കിയെന്ന് സാരം. 11 പാക് സൈനിക കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ തിരിച്ചടി നൽകിയത്.
ഇന്ത്യ ആക്രമിച്ച പാക് സൈനിക കേന്ദ്രങ്ങളുടെ വിവരം
നൂർ ഖാൻ
റഫീഖി
മുറിദ്
സുക്കൂർ
സിയാൽകോട്ട് വ്യോമതാവളം
പസ്റൂർ
ചുനിയൻ
സർഗോദ
സ്കരു
ഭോലാരി
ജകോബാബാദ്
അതേസമയം അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ നേതൃത്വത്തിൽ ഉന്നത യു എസ് ഉദ്യോഗസ്ഥരാണ് മോദിയുമായും ഷഹബാസ് ഷെരിഫുമായും ചർച്ച നടത്തി സമവായത്തിലെത്തിയത് എന്നാണ് സി എൻ എൻ അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തേ ഇന്ത്യ - പാക് സംഘർഷം അമേരിക്കയുടെ വിഷയമല്ല എന്ന നിലപാടാണ് ജെ ഡി വാൻസ് എടുത്തിരുന്നത്. പക്ഷേ അണുവായുധം അടക്കം ഉപയോഗിച്ച് മാരകമായ ആക്രമണങ്ങൾക്ക് സാധ്യതയെന്ന ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെ ഡി വാൻസും, യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും അടിയന്തരമായി ഇടപെട്ടത് എന്നും യു എസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്. ആദ്യം വാൻസ് മോദിയോടാണ് സംസാരിച്ചത്. പിന്നീട് പാക് പ്രധാനമന്ത്രിയോടും. ധാരണയുടെ ഉപാധികളിൽ ഇടപെട്ടില്ലെങ്കിലും ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ചർച്ചയുടെ മേശയിൽ ഒരുമിച്ചിരുത്തിയത് അമേരിക്കയാണ് എന്ന് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇരുരാജ്യങ്ങളുമായി സംസാരിച്ചെന്ന് ചൈനയും സൗദിയും നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. നയപരവും ക്രിയാത്മകവുമായ ചർച്ച ആവശ്യമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ന് വ്യക്തമാക്കി. ചർച്ചയിൽ മൂന്നാം കക്ഷിയോ കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ തുടർ ചർച്ചയോ ഇല്ല എന്ന നിലപാടിൽ ഉറച്ച് ഇന്ത്യ നിൽക്കുമ്പോൾ ഇനി വരാനിരിക്കുന്ന സൈനിക തല ചർച്ചകൾ പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam