
ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം ഈ മാസം 18 ന് നടക്കുമെന്ന വത്തിക്കാൻ അറിയിച്ചു. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാകും സ്ഥാനാരോഹണം നടക്കുക. അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാനയ്ക്ക് പുതിയ മാർപാപ്പയായ ലിയോ പതിനാലാമനാകും നേതൃത്വം നൽകുക. സ്ഥാനാരോഹണത്തിന് മുൻപ് തന്നെ അദ്ദേഹം കൂടിക്കാഴ്ചകള്‍ ആരംഭിക്കും. നാളെ മാധ്യമപ്രവർത്തകരുമായും പതിനാറാം തീയതി നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. 21ന് അദ്ദേഹം വിശ്വാസികളെയും കാണുമെന്നും വത്തിക്കാൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ആഗോള കത്തോലിക്കാ വിശ്വാസികളുടെ തലവനായി 69 കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കഴിഞ്ഞ ദിവസമാണ് തെരെഞ്ഞെടുത്തത്. ആദ്യത്തെ അമേരിക്കൻ മാർപാപ്പ എന്ന ഖ്യാതിയോടെയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് സ്ഥാനമേറ്റത്. അദ്ദേഹം 'ലിയോ പതിനാലാമന്‍ മാർപ്പാപ്പ' (Pope Leo XIV) എന്ന പേരാണ് ഔദ്യോഗികമായി സ്വീകരിച്ചത്. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് സമാപനമായിരുന്നു. ആദ്യത്തെ ലാറ്റിനമേരിക്കയില്‍ നിന്നുള്ള പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന്‍റെ പിന്‍ഗാമി, വടക്കേ അമേരിക്കക്കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റും. ലോകത്തെ 1.4 ബില്യൻ റോമൻ കത്തോലിക്കരുടെയും കത്തോലിക്കാ പള്ളിയ്ക്കും പുതിയ മേധാവിയായി. ക്ലോണ്‍കേവ് നടക്കുന്നതിന് മുമ്പ് തന്നെ സാധ്യത പട്ടികയില്‍ ഇടം നേടിയ ആളായിരുന്നു റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്.
ഫോർച്യൂണിന്റെ റിപ്പോർട്ട് അനുസരിച്ച്, മുമ്പ് കാർഡിനൽ റോബർട്ട് പ്രെവോസ്റ്റ് എന്നറിയപ്പെട്ടിരുന്ന പോപ്പ് ലിയോ പതിനാലാമന് പ്രതിമാസം 33,000 യുഎസ് ഡോളർ (28 ലക്ഷത്തിലധികം രൂപ) ശമ്പളം ലഭിക്കും എന്നാണ് പറയുന്നത്. അതായത് അമേരിക്കൻ പ്രസിഡന്റിന് തുല്യമായ വരുമാനം. ഇതോടൊപ്പം തന്നെ മറ്റ് വിവിധ ആനുകൂല്യങ്ങൾക്കും പോപ്പിന് അർഹതയുണ്ട്. പോപ്പ്മൊബൈൽ എന്ന പ്രത്യേക കാർ, ഒരു പേഴ്സണൽ ഫാർമസി, സൗജന്യ ഭക്ഷണം, താമസം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ചരിത്രം പരിശോധിച്ചാൽ, മിക്ക പോപ്പുകളും തങ്ങൾക്ക് വാഗ്ദാനം ചെയ്ത ഉയർന്ന ശമ്പളം നിരസിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പോപ്പ് ലിയോയുടെ മുൻഗാമിയായിരുന്ന ഫ്രാൻസിസ് മാർപാപ്പ വ്യക്തിപരമായ വരുമാനമൊന്നും നേടിയിരുന്നില്ല. ഇക്കാര്യത്തിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു പോപ്പ് സ്ഥാനമൊഴിഞ്ഞാലും, അദ്ദേഹത്തിന് പ്രതിമാസം 3,300 യുഎസ് ഡോളർ (2.8 ലക്ഷം രൂപ) പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്, കൂടാതെ അദ്ദേഹത്തിന്റെ താമസം, ഭക്ഷണം, വീട്ടുജോലി എന്നിവയ്ക്കുള്ള തുടർച്ചയായ സഹായവും ലഭിക്കും. ഇറ്റാലിയൻ നഗരമായ റോമിലെ ഒരു ചെറിയ രാജ്യമായ വത്തിക്കാൻ, വിദേശ സംഭാവനകൾ, നിക്ഷേപങ്ങൾ, ടൂറിസം, മ്യൂസിയം ടിക്കറ്റ് വിൽപ്പന തുടങ്ങിയവയിൽ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നത്.