
ബീജിംഗ്: ഇന്ത്യ - ചൈന അതിർത്തി പ്രശ്നങ്ങൾ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബീജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്‍റ് ഹാൻ ഷെങുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരണം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം സാധാരണനിലയിലാകുന്നതിനുള്ള നടപടികൾ തുടരണമെന്നും എസ് ജയശങ്കർ നിർദ്ദേശിച്ചു.
ഷാങ്ഹായി സഹകരണ സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് ചൈനയ്ക്ക് എല്ലാ പിന്തുണയും എസ് ജയശങ്കർ വാഗ്ദാനം ചെയ്തു. അതിർത്തിയിലെ സേന പിൻമാറ്റം അടക്കമുള്ള വിഷയങ്ങൾ എസ് ജയശങ്കറിന്റെ രണ്ടു ദിവസത്തെ സന്ദർശനത്തിൽ ചർച്ച ചെയ്യും. ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായാണ് വിദേശകാര്യമന്ത്രി ചൈനയിലെത്തുന്നത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ചൈന പാകിസ്ഥാനെ സഹായിച്ചതും ദലൈലാമയുടെ പിൻഗാമിയെ നിശ്ചയിക്കുന്ന നടപടികളും ഇരു രാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ ചർച്ച വേണ്ടെന്ന് വയ്ക്കാൻ ഇവ കാരണമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam