
ദില്ലി: ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. രണ്ട് രാജ്യങ്ങളും സുഹൃത്തുക്കളെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയ വിദേശകാര്യമന്ത്രാലയം നയതന്ത്ര വഴിയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു. ഇറാൻ വഴിയുള്ള വിമാനസർവ്വീസുകൾ റദ്ദാക്കേണ്ടി വന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാകുകയാണ്. ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ താറുമാറായ അവസ്ഥയിലാണ്.
വിശദ വിവരങ്ങൾ ഇങ്ങനെ
ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ പക്ഷം പിടിക്കാതെയാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്. ആണവ കേന്ദ്രങ്ങളിലടക്കമുള്ള ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ പാടില്ലെന്നും ചർച്ചയ്ക്കുള്ള സാധ്യത തേടണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. രണ്ടു രാജ്യങ്ങളുമായും അടുത്ത സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അതിനാൽ പ്രശ്നപരിഹാരത്തിന് എന്ത് പിന്തുണയും നൽകാൻ തയ്യാറാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇറാനിലെ ഇന്ത്യക്കാർ തത്ക്കാലം താമസസ്ഥലത്തു നിന്നും പുറത്തു പോകുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശമുണ്ട്. ഇസ്രയേലിലുളള ഇന്ത്യക്കാർ പ്രാദേശിക ഭരണകൂടത്തിൻറെ മുന്നറിയിപ്പുകൾ പാലിക്കണം എന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. ഇറാൻ വ്യോമമേഖല അടച്ചതിനാൽ എയർ ഇന്ത്യയുടെ പതിനാറ് വിമാനങ്ങൾ വഴിതിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. മുംബൈയിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കും പോയ വിമാനങ്ങൾ തിരിച്ചു വിളിച്ചു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ദില്ലിയിലേക്കും ബംഗ്ലൂരുവിലേക്കും തിരിച്ച എയർ ഇന്ത്യ വിമാനങ്ങൾ ജിദ്ദയിലേക്കും ഷാർജയിലേക്കും യുറോപ്യൻ രാജ്യങ്ങളിലേക്കും വഴിതിരിച്ചു വിട്ടു. സംഘർഷം രൂക്ഷമായാൽ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള വിമാനസർവ്വീസുകൾക്ക് ഇത് പ്രസിന്ധിയാകും. ഇന്ത്യ, ഇസ്രയേലിന്‍റെ നീക്കത്തെ അപലപിക്കണം എന്ന് സി പി എം പൊളിററ് ബ്യൂറോ ആവശ്യപ്പെട്ടു. പലസ്തീന് അനുകൂലമായ ഇന്ത്യൻ നിലപാട് ശക്തിപ്പെടുത്തണം എന്നും സി പി എം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിശദീകരിക്കുന്നു. ടെഹ്റാനിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജകും ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിർദേശം. എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുകയും പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്നും ഈ അറിയിപ്പിൽ എംബസി വിശദീകരിക്കുന്നു.