
ഇസ്ലാമാബാദ്: മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്തിന്റെ രണ്ടാമത്തെ പ്രതിരോധ നിര ആണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാകിസ്ഥാൻ പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. മദ്രസകളെയും മദ്രസ വിദ്യാർത്ഥികളെയും സംബന്ധിച്ചിടത്തോളം, അവർ രാജ്യത്തിന്‍റെ രണ്ടാം പ്രതിരോധ നിരയാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന ചെറുപ്പക്കാരെ, സമയം വരുമ്പോൾ 100 ശതമാനവും ആവശ്യമനുസരിച്ച് ഉപയോഗിക്കും എന്ന് പറയുന്ന ഖവാജ ആസിഫിന്‍റെ വീഡിയോ ഇപ്പോൾ വൈറലാണ്.
അതേസമയം, ഈ ആഴ്ച ആദ്യം, സിഎൻഎൻ അഭിമുഖത്തിൽ ഇന്ത്യൻ പോർവിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും ഖവാജ ആസിഫിന് കൃത്യമായ തെളിവുകൾ നൽകാൻ കഴിഞ്ഞില്ല. പോർവിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആസിഫ് പറഞ്ഞു.
താങ്കൾ പ്രതിരോധ മന്ത്രിയാണ്, സർ. സോഷ്യൽ മീഡിയയിലെ ഉള്ളടക്കത്തെക്കുറിച്ച് അറിയാനല്ല താങ്കളുമായി സംസാരിക്കുന്നത് സിഎൻഎൻ മാധ്യമ പ്രവര്‍ത്തകൻ പറയുന്ന വീഡിയോയും വൈറലായി. ഇതിനിടെ ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്നുള്ള വിചിത്ര വാദവും ഖവാജ ആസിഫ് ഉന്നയിച്ചു.
ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ ഡ്രോണുകൾ തടയാതിരിക്കാൻ പാകിസ്ഥാൻ മന:പൂർവം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങൾ വെളിപ്പെടുത്താതിരിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഖവാജ ആസിഫ് ഇക്കാര്യം പറയുന്നതിന്‍റെയും വീഡിയോയും വലിയ രീതിയിൽ പ്രചരിച്ചു.