ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം, 24 മണിക്കൂറിനുള്ളിൽ എത്തിച്ചത് 74,000 ടൺ ഇന്ധനം

Published : Apr 08, 2022, 08:26 AM ISTUpdated : Apr 08, 2022, 08:28 AM IST
ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം, 24 മണിക്കൂറിനുള്ളിൽ എത്തിച്ചത് 74,000 ടൺ ഇന്ധനം

Synopsis

22 ദശലക്ഷം ജനങ്ങളുള്ള ദ്വീപ് രാഷ്ട്രം, 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ (Economic Crisis) കടന്നുപോകുന്ന ശ്രീലങ്കയ്ക്ക് (Sri Lanka) സഹായവുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ശ്രീലങ്കയിലേക്ക് ഇന്ത്യ 74,000 ടൺ ഇന്ധനം എത്തിച്ചു. കൂടാതെ ഇതുവരെ ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയിലേക്ക് 2,70,000 ടണ്ണിൽ കൂടുതൽ ഇന്ധനം വിതരണം ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലങ്കയിൽ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട കടുത്ത സമ്മർദ്ദമാണ് ഉയരുന്നത്. 22 ദശലക്ഷം ജനങ്ങളുള്ള ദ്വീപ് രാഷ്ട്രം, 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 

റെക്കോർഡ് പണപ്പെരുപ്പവും പവർ കട്ടുകളും സഹിതം -- ഭക്ഷ്യ, ഇന്ധന, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ രൂക്ഷമായ ക്ഷാമമാണ് രാജ്യം അനുഭവിക്കുന്നത്. 2009-ലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് കരകയറിയ രാജ്യം, 2019-ൽ ഇസ്ലാമിക ബോംബാക്രമണങ്ങളാൽ ആടിയുലഞ്ഞു, കൊവിഡ് -19 വ്യാപനം സുപ്രധാന ടൂറിസം മേഖലയെ തകർത്തു.

ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കൻ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവിൽ രാജ്യത്തെ കറൻസി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയിൽ ആയിരങ്ങളുടെ ജീവൻ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ മരുന്നുകൾ പോലും ശ്രീലങ്കയിൽ ഇപ്പോൾ കിട്ടാനില്ല. ധനമന്ത്രിയും കേന്ദ്രബാങ്ക് ഗവർണറും അധികാരമൊഴിഞ്ഞതോടെ സാമ്പത്തിക മേഖലയിൽ നാഥൻ ഇല്ലാത്ത അവസ്ഥയാണ്. പ്രധാന നഗരങ്ങളിലെല്ലാം ജനകീയ പ്രതിഷേധം ശക്തമാണ്. 

എന്നാൽ രാജി സമ്മർദ്ദത്തിന് വഴങ്ങാൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയും പ്രസിഡന്റ് ഗോതബായ രജപക്സെയും ഇതുവരെ തയ്യാറായിട്ടില്ല. 42 എംപിമാർ ഭരണ മുന്നണി വിട്ടതോടെ രജപക്സെ സഹോദരന്മാർ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ രാജി ആവശ്യം സർക്കാർ തള്ളി. 

പ്രതിസന്ധി മറികടക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് ശ്രീലങ്ക: പുതിയ വെല്ലുവിളിയായി മരുന്നുക്ഷാമം

കൊളംബോ: രാഷ്ട്രീയ - സാമ്പത്തിക പ്രതിസന്ധിയിൽ (Srilankan Crisis) നിന്ന് കരകയറാൻ വഴികൾ നിർദേശിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ച് ശ്രീലങ്കൻ പ്രസിഡന്റ് . മുൻ കേന്ദ്രബാങ്ക് ഗവർണർ കുമാരസ്വാമിയാണ് സമിതിയുടെ തലവൻ. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സമിതിയാവും ഐഎംഎഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുമായി ഇനി ച‍ര്‍ച്ച നടത്തുക. അതേസമയം നിയമിതനായതിന്റെ പിറ്റേന്ന് ധനമന്ത്രി സ്ഥാനം രാജിവെച്ച അലി സാബ്രിക്ക് പകരക്കാരനെ തിരയുകയാണ് രജപക്സെ സ‍ര്‍ക്കാര്‍. 

കടുത്ത മരുന്ന് ക്ഷാമത്തിലായതോടെ അവശ്യമരുന്നുകൾക്കായി അടിയന്തര അന്താരാഷ്ട്ര സഹായം ശ്രീലങ്ക തേടിയിട്ടുണ്ട്. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും സമരത്തിനൊരുങ്ങുന്നതായാണ് റിപ്പോ‍ര്‍ട്ടുകൾ. ഇന്ത്യ ലങ്കയ്ക്ക് സഹോദര രാജ്യമാണെന്നും കൂടുതൽ സഹായം നൽകണമെന്നും മുൻ ലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അർജുന രണതുംഗ അഭ്യർത്ഥിച്ചു.

അതിനിടെ പ്രസിഡന്റ് ഗോത്തബയ രാജപക്ഷ പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂർ കർഫ്യൂ ഇന്നലെ അവസാനിച്ചു. എന്നാൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ അമേരിക്ക തങ്ങളുടെ പൗരൻമാ‍ര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിവ് വാർത്താ സമ്മേളനത്തിനിടെ സൈറൺ മുഴങ്ങി, ഹാൾ വിട്ടിറങ്ങി ക്ലോഡിയ ഷെയ്ൻബോം, മെക്സിക്കോയിൽ ഭൂകമ്പം 2 മരണം
രാവിലെ ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി, തണുത്ത് വിറച്ച് സബ്വേയിലൂടെ നടത്തം; ന്യൂയോർക്ക് മേയറായി മംദാനിയുടെ ആദ്യ ദിനം