ന്യൂയോർക്കിലെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സോഹ്രാൻ മംദാനി, തൻ്റെ ആദ്യ ദിനം സബ്‌വേയിൽ യാത്ര ചെയ്തും വാടക വർദ്ധനവിനെതിരെ നടപടിയെടുത്തും ശ്രദ്ധേയനായി. ട്രെയിനിലായിരുന്നു മംദാനിയുടെ ആദ്യ യാത്ര.
ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വാർത്തകളിൽ ഒന്നാണ് ന്യൂയോർക്കിൽ സോഹ്രാൻ മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 34 വയസുകാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനിയുടെ വിജയം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ വലിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ ഭരണ ചുമതല ഏറ്റെടുത്ത അദ്ദേഹം ആദ്യ ദിനം തന്നെ ഉത്തരവുകളിൽ ഒപ്പുവെക്കുകയും നിയമനങ്ങൾ പ്രഖ്യാപിക്കുകയും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.
അതേ സമയം, സത്യപ്രതിജ്ഞയ്ക്ക് ശേഷം ചർച്ച മംദാനിയുടെ മേയറായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറുകളെക്കുറിച്ചാണ്. ക്വീൻസിലെ തന്റെ ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് സബ്വേയിലൂടെ മാൻഹാട്ടനിലേക്കായിരുന്നു മേയറുടെ ആദ്യയാത്ര. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരം വിറച്ച് മംദാനി നടക്കുന്ന കാഴ്ച്ച മാധ്യമങ്ങൾ ഒപ്പിയെടുത്തു. യാത്രക്കിടെ വഴിയിലൂടെ നടന്നു പോയ പലരും അദ്ദേശം ആശംസകൾ അറിയിക്കുന്നുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് സ്റ്റാഫും മംദാനിയെ അനുഗമിച്ചു.
പിന്നീട് ട്രെയിനിലേക്ക്. പലരും അടുത്ത് കൂടി സെൽഫികൾ എടുത്തു. ഇതെല്ലാം കഴിഞ്ഞപ്പോൾ ട്രെയിനിലെ അരിക് സീറ്റിലിരുന്ന് അദ്ദേഹം പല ഡോക്യുമെന്റുകളും വായിച്ചു. തിരക്കിനിടയിൽ സമീപിച്ച രണ്ട് ഫ്രഞ്ച് വിനോദസഞ്ചാരികൾക്ക് അദ്ദേഹം സ്വയം “ന്യൂയോർക്കിന്റെ പുതിയ മേയർ” എന്ന് പരിചയപ്പെടുത്തി. സംശയത്തോടെ നോക്കിയ അവരുടെ മുന്നിലേക്ക് ന്യൂയോർക്ക് ഡെയിലി ന്യൂസ് പത്രം തെളിവായി കാണിക്കുകയും ചെയ്തു.ഇതോടെ, പൊതു ഗതാഗതം ഉപയോഗിച്ച് ജനങ്ങളോട് അടുത്തുനിൽക്കുന്ന രാഷ്ട്രീയ സന്ദേശം നൽകുന്ന മേയർമാരിൽ ഒരാളായി മാറി മംദാനി. മുൻ മേയർ എറിക് ആഡംസും ആദ്യദിനം സബ്‌വേ യാത്ര നടത്തിയിരുന്നു. ബിൽ ഡി ബ്ലാസിയോയും മൈക്കൽ ബ്ലൂംബർഗും പൊതുഗതാഗതം രാഷ്ട്രീയ സന്ദേശത്തിനായി ഉപയോഗിച്ചവരാണ്. ട്രെയിനിൽ യാത്ര ചെയ്യുന്ന മംദാനിയുടെ ചിത്രമാകട്ടെ, സമൂഹമാധ്യമങ്ങളിൽ വൈറലായി.
ന്യൂയോർക്കിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള വാടക കുറക്കുമെന്ന് മംദാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പറഞ്ഞിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ മംദാനി ആദ്യം പോയത് ബ്രൂക്ക്ലിനിലെ ഒരു അപ്പാർട്മെന്റിലേക്കായിരുന്നു. വാടക കൂട്ടിയെന്നാരോപിച്ച് ലഭിച്ച ഒരു പരാതി തീർപ്പാക്കാനായിരുന്നു സന്ദർശനം. ഈ നീക്കത്തിന്, അപ്പാർട്മെന്റ് ഉടമക്കെതിരെ ശക്തമായ നിയമ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, ഇസ്രയേലിനെതിരായ വിമർശനങ്ങളും പലസ്തീൻ അനുകൂല നിലപാടുകളും സ്വീകരിക്കുന്ന മംദാനിയെ വിമർശിച്ചും ഒരുപാട് പേരാണ് രംഗത്തെത്തുന്നത്. മുൻ മേയർ എറിക് ആഡംസ് കാലാവസാനത്ത് പുറത്തിറക്കിയ ചില എക്സിക്യൂട്ടീവ് ഉത്തരവുകൾ മംദാനി റദ്ദാക്കിയിരുന്നു. ഇതാണ് വലിയ വിമർശനങ്ങൾക്ക് വഴി വച്ചത്. ഈ നടപടിക്ക് പിന്നാലെ ചില ജൂത സംഘടനകളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നു. ഇസ്രയേൽ സർക്കാരിന്റെ ഭാഗത്തുനിന്ന് പോലും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉണ്ടായി. എന്നാൽ വിദ്വേഷവും വിഭജനവും തടയാൻ തന്റെ ഭരണകൂടം അശ്രാന്ത പരിശ്രമം നടത്തുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മംദാനി പറഞ്ഞു.
കൂടുതൽ ന്യൂയോർക്കുകാരെ രാഷ്ട്രീയത്തിലേക്ക് ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള “മാസ് എൻഗേജ്മെന്റ്” ഓഫീസ് രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ മാസം അവസാനത്തോടെ ക്വീൻസ് ഫ്ലാറ്റിന്റെ ലീസ് കാലാവധി അവസാനിക്കുന്നതിനാൽ, മാൻഹാറ്റനിലെ അപ്പർ ഈസ്റ്റ് സൈഡിലുള്ള ഔദ്യോഗിക മേയർ വസതിയിലേക്ക് താമസം മാറ്റുമെന്നാണ് കരുതുന്നത്.


