നാവികസേനയെ വിമര്‍ശിച്ച ചൈനയ്‌ക്ക്‌ ഇന്ത്യയുടെ മറുപടി

By Web TeamFirst Published May 1, 2019, 1:33 PM IST
Highlights

മുന്തിയ രീതിയിലുള്ള തൊഴില്‍പരമായ ഔന്നത്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ്‌ ഇന്ത്യന്‍ നാവികസേനയെന്നും വിമാനവാഹിനിക്കപ്പല്‍ മുതല്‍ ആണവ അന്തര്‍വാഹിനികള്‍ വരെയുള്ളവയുടെ പ്രവര്‍ത്തനത്തില്‍ ആ വൈദഗ്‌ധ്യം പ്രകടമായിട്ടുള്ളതാണെന്നും ഇന്ത്യ മറുപടി നല്‍കി.

ദില്ലി: ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ തൊഴില്‍പരമായ ഒന്നത്യമില്ലാത്തവരാണെന്ന ചൈനീസ്‌ ലേഖനത്തിന്‌ ഇന്ത്യയുടെ ശക്തമായ മറുപടി. മുന്തിയ രീതിയിലുള്ള തൊഴില്‍പരമായ ഔന്നത്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ്‌ ഇന്ത്യന്‍ നാവികസേനയെന്നും വിമാനവാഹിനിക്കപ്പല്‍ മുതല്‍ ആണവ അന്തര്‍വാഹിനികള്‍ വരെയുള്ളവയുടെ പ്രവര്‍ത്തനത്തില്‍ ആ വൈദഗ്‌ധ്യം പ്രകടമായിട്ടുള്ളതാണെന്നും ഇന്ത്യ മറുപടി നല്‍കി. ഐഎന്‍എസ്‌ വിക്രമാദിത്യയില്‍ തീ പിടുത്തമുണ്ടായ പശ്ചാത്തലത്തിലായിരുന്നു നാവികസേനയെ വിമര്‍ശിച്ചുള്ള ചൈനീസ്‌ ഔദ്യോഗിക മാധ്യമത്തിലെ ലേഖനം.

എളുപ്പത്തില്‍ പിഴവ്‌ പറ്റാവുന്നതും അടിയന്തര സാഹചര്യങ്ങളില്‍ വേണ്ടുംവിധം പെരുമാറാന്‍ ശേഷിയില്ലാത്തതുമാണ്‌ ഇന്ത്യന്‍ നാവികസേന എന്നായിരുന്നു ചൈനീസ്‌ ലേഖനത്തിലെ പരാമര്‍ശം. ഒരു സൈനികവിദഗ്‌ധനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ലേഖനത്തിലെ പരാമര്‍ശങ്ങള്‍. തീപിടുത്തവും അത്‌ അണയ്‌ക്കാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നത്‌ സേനയ്‌ക്ക്‌ കാര്യനിര്‍വ്വഹണശേഷി ഇല്ല എന്ന്‌ തന്നെയാണെന്നും ലേഖനം അഭിപ്രായപ്പെട്ടിരുന്നു.

ലോകത്തെ തന്നെ മികച്ച നാവികശക്തികളുമായി ചേര്‍ന്ന്‌ ഇന്ത്യന്‍ നാവികസേന നടത്തിവരുന്ന സഹകരണപ്രവര്‍ത്തനങ്ങള്‍ അതിന്റെ ഉയര്‍ന്ന മത്സരശേഷിയും പരിശീലനത്തിലെ വൈദഗ്‌ധ്യവുമാണ്‌ തെളിയിക്കുന്നത്‌. ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനമാണ്‌ സേന നടത്തുന്നതെന്നും നാവികവക്താവ്‌ ക്യാപ്‌റ്റന്‍ ശര്‍മ്മ പ്രതികരിച്ചു.

ചൈനീസ്‌ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയുടെ എഴുപതാമത്‌ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാരിടൈം പരേഡിന്‌ ഇന്ത്യ രണ്ട്‌ മുന്‍നിര കപ്പലുകളെ അയച്ചതിന്‌ ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്‌ എന്നതും ശ്രദ്ധേയമാണ്‌.
 

click me!