
ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിൽ കൊടി ഉയർത്തിയതിനെ വിമർശിച്ച പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്ഥാന് എന്ത് ധാർമ്മികതയാണുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പാകിസ്ഥാന്റെ മതഭ്രാന്ത്, അടിച്ചമർത്തൽ, ന്യൂനപക്ഷങ്ങളോടുള്ള മോശം പെരുമാറ്റം എന്നിവയുടെ കളങ്കപ്പെട്ട റെക്കോർഡും അദ്ദേഹം പരാമർശിച്ചു. പാകിസ്ഥാന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടു. അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. മതഭ്രാന്ത്, അടിച്ചമർത്തൽ, ന്യൂനപക്ഷങ്ങളോടുള്ള വ്യവസ്ഥാപിതമായ മോശം പെരുമാറ്റം തുടങ്ങി മോശപ്പെട്ട റെക്കോർഡുള്ള ഒരു രാജ്യമെന്ന നിലയിൽ, മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്ഥാന് ധാർമ്മികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച അയോധ്യയിൽ നടന്ന മതപരമായ ചടങ്ങിനെ പാകിസ്ഥാൻ വിമർശിച്ചിരുന്നു.
ചൊവ്വാഴ്ച, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യയെ വിമർശിച്ചത്. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്തതിനെ പരാമർശിച്ച പാകിസ്ഥാൻ, ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെയും പൈതൃക അവഹേളനത്തിന്റെയും ഉദാഹരണമായും ധ്വജ ആരോഹണത്തെ ചൂണ്ടിക്കാട്ടി. രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ രാജ്യത്തെ സർക്കാരിനെയും ജുഡീഷ്യറിയെയും പാകിസ്ഥാൻ വിമർശിച്ചു. ന്യൂനപക്ഷങ്ങളോടുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ വിവേചനപരമായ സമീപനമാണെന്നും വിശേഷിപ്പിച്ചു. കപടമായ പ്രസംഗങ്ങൾ നടത്തുന്നതിനുപകരം, പാകിസ്ഥാൻ സ്വന്തം മനുഷ്യാവകാശ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് കണ്ണോടിക്കുന്നതാണ് നല്ലതെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ സമർപ്പണംഔപചാരികമായി പൂർത്തീകരിച്ചതിന്റെ അടയാളമായി, ചൊവ്വാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിന് മുകളിൽ ധ്വജാരോഹണം നടത്തിയത്.