
ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിലാകാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോയും ഇന്ത്യ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. അമേരിക്കയുടെ വിരട്ടലിന് വഴങ്ങില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി. അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകൾക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. എത്ര സമ്മർദ്ദം ഉണ്ടായാലും കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും താല്പര്യം സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്‍റെ തീരുവ വർധനയ്ക്ക് പ്രതികാരമായി യു എസ് ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
വിശദ വിവരങ്ങൾ
സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്‍റിന് ആവർത്തിച്ച് സന്ദേശം നൽകുന്നതാണ് കഴിഞ്ഞ രണ്ടാഴ്ചയായി കാണുന്നത്. കർഷക താൽപര്യം സംരക്ഷിക്കുമെന്നും അമേരിക്ക നിർദ്ദേശിക്കുന്ന ഇളവ് കാർഷിക ഉത്പന്നങ്ങൾക്ക് നൽകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്ന പണം യുക്രൈനിൽ ബോംബിടാൻ റഷ്യ ഉപയോഗിക്കുന്നു എന്ന് ഡോണൾഡ് ട്രംപും ജെ ഡി വാൻസും പറഞ്ഞിരുന്നു. എന്നാൽ എണ്ണ വാങ്ങുന്നത് നിറുത്താൻ ഉദ്ദേശിക്കുന്നില്ല എന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ റഷ്യൻ വാർത്താ ഏജൻസിയോട് പറഞ്ഞു. വിപണിയിലെ സാഹചര്യം അനുസരിച്ചാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. എവിടെ വിലക്കുറവുണ്ടോ അവിടെ നിന്ന് ഇറക്കുമതി ചെയ്യും. നിലവിൽ റഷ്യയിൽ നിന്ന് വാങ്ങുന്നത് ഇന്ത്യയുടെ സാമ്പത്തിക താൽപര്യം സംരക്ഷിച്ചാണെന്നും അംബാസഡർ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. അമേരിക്ക പ്രതീക്ഷിക്കാത്ത ചെറുത്തുനിൽപ്പ് തീരുവയുടെ കാര്യത്തിൽ ഇന്ത്യ നടത്തുന്നുണ്ടെങ്കിലും പല മേഖലകളെയും അധിക തീരുവ ബാധിക്കാനാണ് സാധ്യത. സമുദ്രോത്പന്നം, ടെക്സ്റ്റൈൽസ്, തുകൽ തുടങ്ങിയ മേഖലകളിൽ ഇതുണ്ടാക്കാവുന്ന പ്രത്യാഘാതം പ്രധാനമന്ത്രി നേരിട്ട് ചർച്ച ചെയ്യും. അമേരിക്കൻ തീരുവ ബാധിക്കുന്ന മേഖലകളെ സഹായിക്കാൻ 25000 കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.
അതേസമയം ഇന്ത്യക്കെതിരെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരും. ഇക്കാര്യം വ്യക്തമാക്കി യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പ് നോട്ടീസും പുറത്തിറക്കി.