
ഞെട്ടിക്കുന്ന വാർത്ത വരുമെന്ന് പ്രതിപക്ഷ നേതാവ്, പേടിയില്ലെന്ന് സിപിഎമ്മും ബിജെപിയും
സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബിജെപിയെ സതീശന്‍ വെല്ലുവിളിക്കുന്നത്. സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം അടഞ്ഞ അധ്യായമെന്നും സതീശന്‍ പ്രതികരിച്ചു. അതേസമയം, ഒരു പേടിയുമില്ലെന്നായിരുന്നു സിപിഎമ്മിൻ്റെയും ബിജെപിയുടെയും തിരിച്ചടിച്ചു.
വിശദീകരണം തൃപ്തികരമല്ല, രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിത്വം തെളിയിക്കണമെന്ന് എഐസിസി
ലൈംഗിക ആരോപണങ്ങളിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിത്വം തെളിയിക്കണമെന്ന് എഐസിസി. തൃപ്തികരമായ വിശദീകരണം ഇതുവരെ കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. തനിക്കെതിരെ ഗൂഢാലോചനയെന്ന് നേതാക്കളെ അറിയിച്ചെങ്കിലും, പൊതുമധ്യത്തിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെയെന്നാണ് നേതൃത്വത്തിന്‍റെ മറുപടി. പാര്‍ട്ടിയിൽ നിന്നും നിയമസഭാ കക്ഷിയിൽ നിന്നും സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി മടങ്ങി വരണമെങ്കിൽ ഉയര്‍ന്നു വന്ന ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കണം. ഇല്ലാതെ രാഹുലിനെ പരിഗണിക്കില്ലെന്ന് സംശയമേതുമില്ലാതെ വ്യക്തമാക്കുകയാണ് എഐസിസി. തന്‍റെ ഭാഗം നേതാക്കളോട് രാഹുൽ വിശദീകരിച്ചെങ്കിലും തൃപ്തികരമല്ലെന്ന് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. പുറത്തുവന്ന ശബ്ദരേഖ നിഷേധിക്കാത്തതു കൊണ്ടാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തെന്ന് കെപിസിസി മുന്‍ അധ്യക്ഷൻ കെ മുരളീധരൻ പറഞ്ഞു.
ഇന്ത്യക്ക് അമേരിക്കയുടെ നോട്ടീസ്, ട്രംപിന്‍റെ 50% താരിഫ് പ്രാബല്യത്തിലേക്ക്
ഇന്ത്യക്കെതിരെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയിൽ കടുത്ത നിലപാട് തുടർന്ന് അമേരിക്ക. തിരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്.
ട്രംപിന്‍റെ താരിഫിനെ നേരിടാനുറച്ച് ഇന്ത്യ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും
ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിലാകാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോയും ഇന്ത്യ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി. അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകൾക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. എത്ര സമ്മർദ്ദം ഉണ്ടായാലും കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും താല്പര്യം സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.
യുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അഭിജിത്ത്? ഫോർമുല റെഡി, ഇനി ചർച്ച
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഫോർമുലയുമായി എ ഗ്രൂപ്പ്. കെ എസ് യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെ പ്രസിഡന്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡണ്ട് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് നിർദ്ദേശം. കെ സി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണം. എ ഗ്രൂപ്പിന്റെ ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ ഇന്നുമുതൽ കൂടിയാലോചന ആരംഭിക്കും.
അജിത് കുമാർ കേസിൽ വീണ്ടും ഹൈക്കോടതിയുടെ വിമർശനം
എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിമർശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അതിനിടെ തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് കാണിച്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി.
അത്തം തുടങ്ങി, ആഘോഷമായി തൃപ്പൂണിത്തുറ ഘോഷയാത്ര
കേരളത്തിന്‍റെ ഓണാഘോഷത്തിന് പതാക ഉയർത്തി തൃപ്പൂണിത്തുറ. നിറം നിറഞ്ഞ അത്തച്ചമയ ഘോഷയാത്രയോടെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് രാജ നഗരിയിൽ തുടക്കമായി. എത്ര ചവിട്ടി താഴ്ത്തിയാലും സമത്വ ദർശനം ഏതു പാതാളത്തിൽ നിന്നും അതിജീവിക്കും എന്ന ആശയമാണ് ഓണമെന്ന് ഉദ്ഘാടകനായ മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിങ്ങി നിറഞ്ഞ തൃപ്പൂണിത്തുറക്കാരെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്ത പതാക വാനിലുയർത്തി. നടൻ ജയറാം ഫ്ളാഗ് ഓഫ് ചെയ്തതോടെ ഓണമറിയിച്ച് കലാകാരൻമാർ നഗര നിരത്തിലേക്ക്. താളമേളങ്ങളും, നിശ്ചലദൃശ്യങ്ങളും, കൗതുക കാഴ്ചകളും തെരുവു നിറഞ്ഞു. അഞ്ഞൂറോളം കലാകാരൻമാരാണ് ഇക്കുറി അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായത്. ലഹരി വിരുദ്ധതയും, പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെ സമകാലിക വിഷയങ്ങൾ ചർച്ചയാക്കിയ കലാപ്രകടനങ്ങളും ഏറെ ഉണ്ടായിരുന്നു. ഇന്നേക്ക് പത്താം നാൾ മലയാളികൾക്ക് തിരുവോണമുണ്ണാം.
സുപ്രീം കോടതി കൊളിജിയത്തിൽ തർക്കം
സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള ശുപാർശയെ ചൊല്ലി കൊളീജീയത്തിൽ തർക്കം. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാർശയിൽ ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് അറിയിച്ചു. കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെ അപകടത്തിലാക്കുന്നതാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗരത്ന വിയോജിച്ചത്. സീനീയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ വാദം. അതേസമയം ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അടുത്ത ബന്ധു രാജ് ദാമോദര്‍ വാക്കോഡെയെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.
ഗുരുതര വെളിപ്പെടുത്തലുമായി ദേശീയ കമ്പനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണൽ ജഡ്ജിയുടെ പിന്മാറ്റം
ഗുരുതര വെളിപ്പെടുത്തലുമായി ദേശീയ കമ്പനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണൽ ജഡ്ജിയുടെ പിന്മാറ്റം. ചെന്നൈ ബഞ്ചിലെ ജുഡീഷ്യൽ അംഗം ജസ്റ്റിസ് ശരദ് കുമാർ ശർമ്മയാണ്, ഹൈദരാബാദ് കമ്പനിയുൾപ്പെട്ട കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. കേസിൽ അനുകൂല വിധിക്കായി ഉന്നത ജുഡീഷ്യറിയിലെ ബഹുമാന്യനായ അംഗം ഇടപെട്ടതായി ജസ്റ്റിസ് ശർമ്മ വെളിപ്പെടുത്തി. ഫോൺസന്ദേശം അഭിഭാഷകരെ കാണിച്ചതിന് ശേഷം ആണ് പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. അമ്പരപ്പിക്കുന്ന ഇടപെടൽ ആണെന്ന് ബഞ്ചിലെ മറ്റൊരംഗമായ ജതീന്ദ്രനാഥ് സ്വെയിൻ പ്രതികരിച്ചു. ഇനിയെന്ത് വേണമെന്ന് NCLAT ചെയർമാൻ തീരുമാനിക്കട്ടേ എന്നും സ്വെയിൻ പറഞ്ഞു.
ശ്രീജയുടെ മരണത്തിൽ പ്രതിയാര്? സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്
തിരുവനന്തപുരം ആര്യനാട് പഞ്ചായത്തംഗത്തിന്‍റെ ആത്മഹത്യ ചെയ്തതിനെ ചൊല്ലി വിവാദം. ശ്രീജ ജീവനൊടുക്കിയത് സിപിഎം വേട്ടയാടൽ കാരണമെന്ന് കോൺഗ്രസ്. മൃതദേഹവുമായി പ്രതിഷേധം നടത്തി. സി പി എം നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധം. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് സിപിഎം രംഗത്തെത്തി.
കശ്മീരിനെ കരയിച്ച് കനത്ത മഴ, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം
ജമ്മുകാശ്മീരിലെ മഴക്കെടുതി രൂക്ഷം. ഇതുവരെ സംസ്ഥാനത്ത് ഒൻപത് മരണം റിപ്പോർട്ട് ചെയ്തു. ദോഡ ജില്ലയിൽ മിന്നൽ പ്രളയത്തിൽ 4 പേർക്ക് ജീവൻ നഷ്ടമായി. വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. താഴ്ന്ന മേഖലയിലെ പല വീടുകളിലും വെള്ളം കയറി. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു. മേഖലയിലെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താവി നദിക്ക് കുറുകെയുള്ള പാലം തകർന്നു, നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. രക്ഷാപ്രവർത്തനത്തിന് സൈന്യവും ഇറങ്ങിയിട്ടുണ്ട്. നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തും സ്ഥിതി ഗുരുതരമാണെന്നറിയിച്ച ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടിയന്തിര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്രം സാഹചര്യം നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു.