
ദില്ലി: യുക്രൈനിൽ (Ukraine) നിന്ന് വിദ്യാർത്ഥികളടക്കമുള്ള പൌരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി ഇന്ത്യ (India ). റൊമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെ ഇന്ന് ഉച്ചയോടെ തിരികെ രാജ്യത്ത് എത്തിക്കും. സംഘത്തിൽ 17 മലയാളികളുമുണ്ട്. ദില്ലിയിലും മുംബൈയിലുമാണ് വിമാനങ്ങൾ എത്തുക. കൂടാതെ ഇന്ന് രാവിലെ ഒരു വിമാനം റൊമാനിയയിലേക്കും മറ്റൊന്ന് ഹംഗറിയിലേക്കും പുറപ്പെടും. പോളണ്ട് ഉൾപ്പെടെ മറ്റു രാജ്യങ്ങൾ വഴിയുള്ള രക്ഷപ്രവർത്തനവും പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു. അതെസമയം കീവ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തിക്കാനുളള നടപടികൾ സംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ വ്യക്തത വരുത്തും.
റഷ്യൻ പിൻമാറ്റത്തിന് യുഎൻ രക്ഷാ സമിതിയിൽ പ്രമേയം, വീറ്റോ ചെയ്ത് റഷ്യ
യുക്രൈനിൽ നിന്നും ഷ്യയുടെ ( Russia) സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ (UN Security Council) പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതു സഭയിലെത്തും. യു എൻ പൊതു സഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു.
ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വിശദീകരിച്ചു. റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. എതിർപ്പക്ഷത്ത് അമേരിക്കയായതിനാൽ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയിൽ കയറ്റുമതിയിൽ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഇനി 192 അംഗ പൊതു സഭയിൽ ഇനി വിഷയമെത്തും.