ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 ഒഡീഷയിലെ ചന്ദിപൂരിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. 3000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ വിക്ഷേപണം സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലാണ് നടന്നത്

ചന്ദിപൂർ: ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു. 2026 ഫെബ്രുവരി 6-ന് ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം. മിസൈലിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും വിക്ഷേപണത്തിലൂടെ ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. അഗ്നി സീരീസിലെ ഈ മിസൈൽ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് കൂടുതൽ കരുത്ത് പകരുന്നു. 3000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ അഗ്നി-3 മിസൈലിന് ശേഷിയുണ്ട്. അഗ്നി-1: 700 കിമീ, അഗ്നി-2: 2,000 കിമീ, അഗ്നി-3: 3000 കിമീ, അഗ്നി-4: 4,000 കിമീ, അഗ്നി-5: 5000 കി.മീ എന്നിങ്ങനെയാണ് അഗ്നി സീരീസുകൾ.

ഡിആർഡിഒ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, പൃഥ്വി മിസൈലുകളുടെ പരിധിയിൽ വരുന്ന (150-350 കിമീ) ലക്ഷ്യങ്ങളെ തകർക്കാൻ ചുരുങ്ങിയത് 220 കിമീ ദൂരപരിധിയിൽ അഗ്നി-1 ഉപയോഗിക്കാൻ സാധിക്കും. ക്രൂയിസ് മിസൈലായ ബ്രഹ്മോസും (30-300 കിമീ പരിധി) അഗ്നി മിസൈലുകളും ചേരുന്നതോടെ 30 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെയുള്ള ഏത് ലക്ഷ്യത്തെയും നേരിടാൻ ഇന്ത്യയ്ക്ക് സാധിക്കും.

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ശത്രുരാജ്യങ്ങളിൽ ആണവാക്രമണ ഭീതിയുണ്ടാക്കുമെന്ന ആശങ്കകൾക്കിടയിലും, ഇന്ത്യയുടെ ഈ മിസൈൽ സാങ്കേതികവിദ്യയിൽ പല സൗഹൃദ രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേന ചില മോഡലുകൾ നിരസിച്ചെങ്കിലും ഇവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ ഇന്ത്യ തേടുന്നുണ്ട്.