റോയിട്ടേഴ്സ് റിപ്പോർട്ട് സത്യമല്ല, കെട്ടിച്ചമച്ചതെന്ന് കേന്ദ്രം; അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന വാർത്ത തള്ളി

Published : Aug 08, 2025, 09:04 PM ISTUpdated : Aug 09, 2025, 03:47 PM IST
modi trump reuters

Synopsis

അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യ നിറുത്തി വച്ചു എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്

ദില്ലി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ - അമേരിക്ക ബന്ധം ഉലയുന്നതിനിടെ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിറുത്തി വച്ചു എന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യ നിറുത്തി വച്ചു എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് സത്യമല്ലെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. റോയിട്ടേഴ്സ് റിപ്പോർട്ട് കെട്ടിച്ചമച്ചതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം ഇന്ത്യ റദ്ദാക്കിയെന്ന വാർത്തകൾ കേന്ദ്രം തള്ളിയിട്ടില്ല. പ്രതിരോധ മന്ത്രിയെ വരുന്ന ആഴ്ച യു എസിലേക്ക് അയക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള സന്ദർശനമായിരുന്നു പ്രതിരോധ മന്ത്രിയുടേത്. മോദിയുടെ സന്ദർശന വേളയിൽ ധാരണയിലെത്തിയിരുന്ന ആയുധ കരാരുകളിലടക്കം ഒപ്പു വയ്ക്കാനും അവ പ്രഖ്യാപിക്കാനുമായിരുന്നു രാജ്നാഥിന്‍റെ യാത്ര. എന്നാൽ ഇതെല്ലാം തത്കാലത്തേക്ക് മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്ന സൂചനയാണ് രാജ്നാഥിന്‍റെ യാത്ര റദ്ദാക്കിയതിലൂടെ പുറത്തുവരുന്നത്.

തീരുവ വിഷയത്തിൽ രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നടപടി മാത്രമേ കൈക്കൊള്ളു എന്നും സ്ഥിതി സംയമനത്തോടെ കൈകാര്യം ചെയ്യുമെന്നാണ് കേന്ദ്രത്തിന്‍റെ പരസ്യ നിലപാട്. അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നതെന്നും വ്യക്തം. മറ്റേതെങ്കിലും രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധവും, അമേരിക്കയുമായുള്ള വ്യാപാര ബന്ധവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യം ട്രംപിനില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

റഷ്യയുമായി ഇന്ത്യക്ക് പരമ്പരാഗതമായ ബന്ധമുണ്ട്. ഒരുപാട് വ‌ർഷങ്ങൾ നീണ്ട വ്യാപാര ബന്ധമാണിത്. എണ്ണയും ആയുധങ്ങളുമെല്ലാം കാലങ്ങളായി റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിന്‍റെ പക്കലുള്ള നിരവധി ആയുധങ്ങൾ, മുങ്ങിക്കപ്പലുകൾ തുടങ്ങിയവയെല്ലാം റഷ്യയിൽ നിന്ന് വാങ്ങിയവയാണ്. റഷ്യയുമായുള്ള ആയുധ കരാറും വ്യാപാര ബന്ധവും അതുകൊണ്ട് തന്നെ ഇന്ത്യ തുടരും. ഡോണൾഡ് ട്രംപ് എന്തുപറഞ്ഞാലും റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തിവയ്ക്കില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. പക്ഷേ പരസ്യമായി വെല്ലുവിളിച്ച് ഒരു ഏറ്റുമുട്ടലിലേക്ക് പോകാൻ ഇന്ത്യ താത്പര്യപ്പെടുന്നുമില്ല. മന്ത്രിമാരടക്കമുള്ളവർക്ക് കേന്ദ്ര സർക്കാർ ഈ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പരസ്യ വാഗ്വാദം ഇക്കാര്യത്തിൽ അമേരിക്കയുമായി വേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. അമേരിക്കയുമായി പരസ്യ ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുമ്പോഴും ബ്രിക്സ് രാജ്യങ്ങളുമായി ചേർന്ന് പോകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ബ്രസിൽ പ്രസിഡന്‍റുമായി ഇന്നലെ രാത്രി ഒരു മണിക്കൂറിലേറെ പ്രധാനമന്ത്രി മോദി ചർച്ച നടത്തിയിരുന്നു. ഈ സംഭാഷണത്തിൽ ബ്രിക്സുമായി ചേർന്ന് നിൽക്കുമെന്നാണ് ഇന്ത്യ ഉറപ്പ് നൽകിയത്. ഇന്ന് ചൈനയും ഇന്ത്യക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ