
ദില്ലി: കൃത്യം രണ്ട് മാസത്തിനകം ഇന്ത്യ ലോകത്ത് ഏറ്റവുമധികം ജനങ്ങൾ ഉള്ള രാജ്യമാകുമെന്ന് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. വരുന്ന ഏപ്രിൽ 14 ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് റോയിട്ടേഴ്സിന്‍റെ പ്രവചനം. ഐക്യരാഷ്ട്രസഭയുടെ അടക്കം ജനസംഖ്യ പ്രവചന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 14 ന് ഇന്ത്യയിലെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്.
ലോകത്തെ നടുക്കി വീണ്ടും കപ്പൽ ദുരന്തം, യൂറോപ്പിലേക്ക് പോയ കപ്പൽ മുങ്ങി; 73 മരണം സ്ഥിരീകരിച്ചു
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമയാി ഏപ്രിലിൽ മാറുമെങ്കിലും ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യ ഇക്കാര്യം അംഗീകരിക്കാൻ അടുത്ത സെൻസസ് പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. കൊവിഡ് മഹാമാരി കാരണം മുടങ്ങിയ സെൻസസ് എപ്പോൾ ആരംഭിക്കുമെന്ന് കേന്ദ്രം ഇനിയും വ്യക്തമാക്കിയിട്ടില്ല.
ചൈനയിൽ ഏതാനും വർഷങ്ങളായി ജനസംഖ്യ കുറയുന്നതാണ് ഇന്ത്യ മുന്നിലെത്താനുള്ള കാര്യമെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടുന്നത്. ചൈനയിൽ അടുത്ത കാലത്ത് ജനസംഖ്യ കുറയുമ്പോൾ ഇന്ത്യയിൽ ചെറിയ വർധനവാണ് ഇക്കാര്യത്തിലുണ്ടായത്. ഇന്ത്യയിൽ വർഷം ഒരു ശതമാനത്തോളം ജനസംഖ്യ വർധന രേഖപ്പെടുത്തുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടിയത്.
അതേസമയം ഈ ജനുവരിയിൽ ചൈനയിൽ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയിൽ ഇടിവെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ജനുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യയിൽ ചരിത്രപരമായ ഇടിവാണ് രേഖപ്പെടുത്തിയത്. ജനനത്തേക്കാൾ കൂടുതൽ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ ജനുവരിയിലെ റിപ്പോർട്ട് ചൂണ്ടികാട്ടിയിരുന്നു. ജനനനിരക്കിൽ സ്ഥിരമായ ഇടിവിന് ശേഷമാണ് ആദ്യമായി ജനസംഖ്യയിൽ കുറവ് റിപ്പോർട്ട് ചെയ്യ്തതും. വിദേശികൾ ഒഴികെ, ചൈനയിലെ ജനസംഖ്യയിൽ 2022 ൽ 850,000 പേർ കുറഞ്ഞ് 1.41 ബില്യണായി കുറഞ്ഞതായാണ് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ അറിയിച്ചത്. 2022 - ൽ രാജ്യത്ത് 9.56 ദശലക്ഷം ജനനങ്ങളും 10.41 ദശലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സി എൻ ബി സി റിപ്പോർട്ട് ചെയ്തിരുന്നു.
ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ; ആറുപതിറ്റാണ്ടിനിടെ ചൈനീസ് ജനസംഖ്യയിൽ കുറവ്- ആശങ്കയെന്ന് വിദഗ്ധർ