
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്നും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. വൈസ് പ്രസിഡന്റ് മത്സര സ്ഥാനത്തേക്ക് ട്രംപ് വിവേകിനെയും പരിഗണിച്ചേക്കും. പാലക്കാട് നിന്നുളള കുടിയേറ്റക്കാരുടെ മകനാണ് ശതകോടീശ്വരനായ വിവേക് രാമസ്വാമി.
പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മോഹത്തെക്കുറിച്ച് വിവേക് ആദ്യമായി പ്രഖ്യാപിച്ചത്. അമേരിക്ക സ്വത്വ പ്രതിസന്ധിയിലാണെന്നും സ്വത്വം തിരിച്ചുപിടിക്കാന്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നുമായിരുന്നു പ്രഖ്യാപനം. 2024 നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്. ട്രംപാണ് മത്സരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് കീഴില്‍ വൈസ് പ്രസിഡന്റായി മത്സരിക്കാനും തയ്യാറാണെന്ന് വിവേക് നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam