
ദില്ലി: ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കടക്കാൻ ഇന്ത്യയും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ട്. ആദ്യ കപ്പൽ മുംബൈ തീരത്തെത്തിയെന്നാണ് വിവരം. രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമാകുമ്പോൾ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. എൽപിജി പ്രതിസന്ധി ഉയർത്തിക്കാട്ടി പാർലമെന്റിന് പുറത്ത് ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു.
ഇന്ത്യക്ക് ആശ്വാസമായി ചരക്കു കപ്പലുകൾ തീരത്തേക്ക്. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ചരക്ക് കപ്പൽ ഹോർമുസ് കടലിടുക്ക് കടക്കുന്നത്. ഒരു കപ്പൽ ഇന്നലെ രാത്രി കടലിടുക്ക് കടന്ന് മുംബൈ തീരത്തെത്തിയെന്നും മറ്റൊരു കപ്പൽ വന്നുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 28 ഇന്ത്യൻ എണ്ണ കപ്പലുകൾ നിലവിൽ ഹോർമുസ് കടലിടുക്കിനടുത്തായി ഉണ്ട്. കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്കെത്തിയാൽ ഊർജ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകും. അതിനിടെ റഷ്യയിൽനിന്നും ഇന്ധന ഇറക്കുമതിയിൽ വൻ വർദ്ധവാണ് കാണുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമ്പത് ശതമാനം വർദ്ധനവുണ്ടായി. അടുത്തയാഴ്ചയോടെ ഇത് ഇരട്ടിയാക്കുമെന്നാണ് വിവരം. രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് വിതരണത്തിന് സുരക്ഷ ഉറപ്പാക്കാനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദേശം നൽകിയത്. അതേസമയം എൽപിജി പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം. പാർലമെന്റിന് പുറത്ത് അടുപ്പ് കൂട്ടിയും സിലിണ്ടറിന്റെ ചിത്രങ്ങളുമായാണ് വനിതാ എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനകം ഗാർഹിക സിലിണ്ടർ വീട്ടിലെത്തുമെന്നാണ് കേന്ദ്രസർക്കാർ ആവർത്തിക്കുന്നതെങ്കിലും ബുക്കിങ്ങിലടക്കം വലിയ പ്രതിസന്ധി നേരിടുന്നതായി ദില്ലിയിലടക്കം വിവിധ നഗരങ്ങളിൽ ഉപഭോക്താക്കൾ പരാതിപ്പെടുന്നുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം പലയിടത്തും നിർത്തിയതോടെ ഹോട്ടൽമേഖലയിൽ പ്രതിസന്ധി രൂക്ഷമായി. അതേസമയം ഗ്യാസ് ഉപയോഗം കാര്യക്ഷമമാക്കാൻ ഉപഭോക്താക്കളോട് അധികൃതർ ആവശ്യപ്പെട്ടു. പരിഭ്രാന്തരായി സിലിണ്ടറുകൾ വാങ്ങിക്കൂട്ടേണ്ട കാര്യമില്ല. കുറഞ്ഞ തീയിൽ പാചകം ചെയ്താൽ 25 ശതമാനം വരെ ഗ്യാസ് ലാഭിക്കാമെന്നതടക്കം സന്ദേശവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നല്കി തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam