കാട്ടുതീ പടരുന്ന ഓസ്ട്രേലിയയില്‍ ദുരിതബാധിതര്‍ക്ക് സൗജന്യഭക്ഷണവുമായി ഇന്ത്യന്‍ ദമ്പതികള്‍

By Web TeamFirst Published Jan 5, 2020, 3:54 PM IST
Highlights

2019 സെപ്റ്റംബറിലാണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 2020 ജനുവരിയിലും ഇത് തുടരുകയാണ്...

മെല്‍ബണ്‍: മാസങ്ങളായി കാട്ടുതീ തുടരുകയാണ് ഓസ്ട്രേലിയയില്‍. പലയിടങ്ങളിലായി ഇടക്കിടെയായി കാട്ടുതീ കത്തിപ്പടരുകയാണ്. 2019 സെപ്റ്റംബറിലാണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 2020 ജനുവരിയിലും ഇത് തുടരുകയാണ്. ആയിരക്കണക്കിന് മനുഷ്യരെയാണ് കാട്ടുതീ ബാധിച്ചത്. ഇവരില്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 

ദുരന്തം ബാധിച്ച ഓസ്ട്രേലിയയിലെ ജനങ്ങള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് അവിടെ റെസ്റ്റോറന്‍റ് നടത്തുന്ന ഇന്ത്യന്‍ ദമ്പതികള്‍. കമല്‍ജീത്ത് കൗറും ഭര്‍ത്താവ് കന്‍വാല്‍ജീത്ത് സിംഗുമാണ് ഇവര്‍ക്കായി ഭക്ഷണമുണ്ടാക്കുന്നത്. വിക്ടോറിയയിലെ ബൈറന്‍സ്ഡേലിലാണ് ഈ ദമ്പതികളുടെ റെസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുന്നത്. 

''ചോറും കറിയും ആണ് നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇത് വിതരണം ചെയ്യുന്നത്. ഭക്ഷണം ചോദിച്ച് റെസ്റ്റോറന്‍റിലെത്തുന്നവര്‍ക്കും  ആഹാരം നല്‍കുന്നുണ്ട്'' - കമല്‍ജീത്ത് കൗര്‍ പറഞ്ഞു. സാഹചര്യം വളരെ മോശമാണ്. ആദ്യം ഇവിടെ കുറഞ്ഞ് തോതില്‍ മാത്രമായിരുന്നു കാട്ടുതീ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടിത് പടര്‍ന്നുപിടിച്ചു. ആളുകള്‍ക്ക് അവരുടെ ജീവിതവും വീടും കൃഷിയിടങ്ങളും വളര്‍ത്തുമൃഗങ്ങളെയും നഷ്ടപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ദുരന്തമുണ്ടായതില്‍ ഏറ്റവും മോശമായി ബാധിച്ചതിലൊന്ന് വിക്ടോറിയയാണ്. ന്യൂ സൗത്ത് വേല്‍സിലും സൗത്ത് ഓസ്ട്രേലിയയിലും സ്ഥിതി വളരെ മോശമാണ്. സൗത്ത് ഓസ്ട്രേലിയയിലെ ഫ്ലിന്‍റേഴ്സ് നാഷണല്‍ പാര്‍ക്കിലെ 14000 ഹെക്ടര്‍ പ്രദേശമാണ് കത്തിനശിച്ചത്. വീടും പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് ആളുകള്‍ ദുരിതാശ്വാസക്യാമ്പിലേക്കോ മെല്‍ബണിലേക്കോ പോകുകയാണെന്നും കൗര്‍ പറ‌ഞ്ഞു.

പത്തുവര്‍ഷം മുമ്പാണ് ഈ ദമ്പതികള്‍ ഓസ്ട്രേലിയയില്‍ താമസമാക്കിയത്. ഭക്ഷണം തയ്യാറാക്കാന്‍ ആളുകള്‍ കുറവാണെങ്കിലും റെസ്റ്റോറന്‍റ് അടച്ചുപൂട്ടാന്‍ തയ്യാറായില്ല ഈ ദമ്പതികള്‍. പകരം സുഹൃത്തുക്കളുടെ സഹായത്താല്‍ ഇവര്‍ ആഹാരം തയ്യാറാക്കി നല്‍കുകയാണ്. '' കാട്ടുതീ പടര്‍ന്നതോടെ മിക്ക ജീവനക്കാരും വിട്ടുപോയി. ഇപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ് സഹായിക്കുന്നത്. '' - കൗര്‍ പറഞ്ഞു. 

click me!