'പകൽ സുരക്ഷയെക്കുറിച്ച് പറയും, രാത്രി ചെയ്യുന്നത് ഭീകരവാദവും'; യുഎന്നിൽ പാകിസ്ഥാന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ശക്തമായ മറുപടി നൽകി ഇന്ത്യ

Published : Sep 26, 2026, 01:23 PM IST
petal gehlot

Synopsis

പകൽസമയത്ത് സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന പാകിസ്ഥാൻ, രാത്രിയിൽ ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നവരാണെന്നും ​ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സ്വന്തം സുരക്ഷ ഉറപ്പാക്കാനുള്ള അവകാശം ഇന്ത്യ വിനിയോ​ഗിക്കുമെന്നും ​ഗെഹ്ലോട്ട് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

യുണൈറ്റഡ് നേഷൻസ്: യുഎൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസ്താവനകൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ വിചിത്രമാണെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോ​ഗസ്ഥ പെറ്റർ ​ഗെഹ്ലോട്ട് യുഎന്നിൽ പറഞ്ഞു. പകൽസമയത്ത് സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും രാത്രിയിൽ ഭീകരവാദത്തെ പോറ്റിവളർത്തുന്നതുമാണ് പാകിസ്ഥാന്റ രീതിയെന്നും അവർ കൂട്ടിച്ചേർത്തു. വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിൻ ലാദൻ കഴിഞ്ഞത് പാകിസ്ഥാനിലായിരുന്നുവെന്നും ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ ​ഗെഹ്ലോട്ട് ഓർമിപ്പിച്ചു.

അടുത്തിടെയാണ് സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വാർഷികം യുഎസിൽ നടന്നത്. എന്നാൽ, ആ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ജീവിച്ചിരുന്നത് പാകിസ്ഥാന്റെ പ്രധാന സൈനിക അക്കാദമിയുട തൊട്ടടുത്തായിരുന്നു. പകൽസമയത്ത് സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന പാകിസ്ഥാൻ, രാത്രിയിൽ ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നവരാണെന്നും ​ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സ്വന്തം സുരക്ഷ ഉറപ്പാക്കാനുള്ള അവകാശം ഇന്ത്യ വിനിയോ​ഗിക്കുമെന്നും ​ഗെഹ്ലോട്ട് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

തീവ്രവാദികൾക്ക് ഒരിടത്തും ഒളിച്ചിരിക്കാനോ ഓടിപ്പോകാനോ കഴിയില്ലെന്ന് കഴിഞ്ഞവർഷം ഞങ്ങൾ തെളിയിച്ചതാണ്. ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഞങ്ങൾ വിനിയോ​ഗിക്കും. പാകിസ്ഥാൻ ഭീകരവാദപ്രവർത്തനങ്ങൾ തുടർന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടിവരും. വർഷങ്ങളോളം നുണകൾ ആവർത്തിച്ചാൽ അത് സത്യമാകില്ല. പാകിസ്ഥാന്റെ ഇരട്ടത്താപ്പും വഞ്ചനയും അവർക്കോ ലോകത്തിനോ ഒരു ​ഗുണവും ചെയ്യില്ലെന്നും ​ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ​ഗെഹ്ലോട്ട് പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി. പാക് അധീന കശ്മീരിൽ പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളും അവർ ഓർമിപ്പിച്ചു. സൈന്യത്തിന് വേണ്ടി സൈന്യത്താൽ നടത്തുന്ന ഒരു ഭരണകൂടമാണ് പാകിസ്ഥാനുള്ളത്. അതിലെ പാവകൾ മാറിയേക്കാം. പക്ഷേ, തീരുമാനങ്ങളെടുക്കുന്നത് സൈന്യം തന്നെയാണെന്നും ​ഗെഹ്ലോട്ട് പറഞ്ഞു.

യുഎൻ പൊതുസഭയിൽ സംസാരിക്കുന്നതിനിടെയാണ് പാക് പ്രധാനമന്ത്രി കശ്മീർ വിഷയവും ഇന്ത്യ-പാക് സംഘർഷത്തെക്കുറിച്ചും പരാമർശിച്ചിരുന്നത്. 2025-ലെ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പാക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ ആവർത്തിച്ചുള്ള നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് സഖ്യസേന
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് മടി? ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം യുഎസ് തള്ളി