Ukraine Crisis : തയ്യാറായി ഇരിക്കണം,എംബസി പ്രതിനിധികള്‍ ഉടനെത്തും;സുമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

Published : Mar 07, 2022, 12:54 PM ISTUpdated : Mar 07, 2022, 02:53 PM IST
Ukraine Crisis : തയ്യാറായി ഇരിക്കണം,എംബസി പ്രതിനിധികള്‍ ഉടനെത്തും;സുമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

Synopsis

Ukraine Crisis : ആകെ 594  വിദ്യാര്‍ത്ഥികളാണ് സുമിയിലുള്ളത്. 179  മലയാളികളാണ് കൂട്ടത്തിലുള്ളത്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവര്‍ ഇപ്പോഴുള്ളത്.

കീവ്: യുക്രൈനിലെ (Ukraine) സുമിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി (Indian Embassy). എംബസി പ്രതിനിധികള്‍ ഉടന്‍ എത്തുമെന്നും അരമണിക്കൂറിനകം തയ്യാറായി ഇരിക്കാനുമാണ് എംബസി നല്‍കിയിരിക്കുന്ന  നിര്‍ദ്ദേശം. ആകെ 594  വിദ്യാര്‍ത്ഥികളാണ് സുമിയിലുള്ളത്. ഇതില്‍ 179  പേര്‍ മലയാളികളാണ്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവര്‍ ഇപ്പോഴുള്ളത്. ഒഴിപ്പിക്കലിനുള്ള എല്ലാ നടപടികളും പൂർത്തിയായതായും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

കീവ്: സാധാരണക്കാർക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈൻ (Ukraine) നഗരങ്ങളിൽ എല്ലാം വെടി നിർത്തൽ പ്രഖ്യാപിച്ച്  റഷ്യ (Russia).  കീവ് , കാർകീവ് , സുമി ,മരിയോപോൾ നഗരങ്ങളിൽ ആണ് വെടി നിർത്തൽ. പരിമിതമായ വെടിനിർത്തൽ ആയിരിക്കുമെന്നും സാധാരണക്കാർക്ക് രക്ഷപെടാൻ ഒരവസരം കൂടി റഷ്യ നൽകുകയാണെന്നും റഷ്യൻ സൈനിക വക്താവ് പറഞ്ഞു. സുരക്ഷിത ഇടനാഴികൾ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നും റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. പരമാവധി സാധാരണക്കാരെ സുരക്ഷിത ഇടനാഴികൾ ഒരുക്കി പുറത്തേക്ക് പോകാൻ അനുവദിക്കുമെന്നാണ് റഷ്യൻ സൈന്യത്തിന്‍റെ പ്രഖ്യാപനം. നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനാളുകൾ പ്രതീക്ഷയോടെയാണ്
പ്രഖ്യാപനത്തെ കാണുന്നത്.

കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ ഫലം കണ്ടിരുന്നില്ല. ഇർബിൻ നഗരത്തിൽ അടക്കം വെടിനിർത്തൽ വിശ്വസിച്ച് പുറത്തിറങ്ങിയ സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. വെടിനിർത്തൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്തം യുക്രൈനാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ പൊള്ളയായ വെടിനിർത്തൽ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈന്‍റെ വാദം.
ഇന്നത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയിൽ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കാണുന്നത്. മലയാളികൾ അടക്കം 600 വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങി കിടക്കുന്നു എന്നാണ് കേന്ദ്ര സർക്കാരിന്‍റെ അനൗദ്യോഗിക കണക്ക്. ഈ വിദ്യാർത്ഥികളോട് യാത്രയ്ക്ക് തെയ്യാറായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നത്തെ വെടിനിർത്തൽ ഫലപ്രദമായാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷാ മാർഗം ഒരുങ്ങും. 

  • എണ്ണ സംഭരണശാലയ്ക്ക് നേരെ 

യുക്രൈനിലെ ലുഹാന്‍സ്കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം  നടത്തി. ഇവിടുത്തെ തീ ഇതുവരെ അണയ്ക്കാനായിട്ടില്ല. റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള പ്രദേശം കൂടിയാണ് ലുഹാന്‍സ്ക്. അവിടുത്തെ എണ്ണസംഭരണശാലയിലാണ് ആക്രമണമുണ്ടായത്. കരിങ്കടലിനോട് ചേര്‍ന്ന് കിടക്കുന്ന തുറമുഖ പട്ടണമായ  മൈക്കോലൈവിലും റഷ്യ ഇന്ന് ശക്തമായ ഷെല്ലാക്രമണം നടത്തി. ഒഡേസ, മരിയുപോള്‍ തുടങ്ങിയ തുറമുഖ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി റഷ്യ കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൈക്കോലൈവിനെയും റഷ്യ ലക്ഷ്യമിട്ടത്.  

കരിങ്കടലിനോട് ചേര്‍ന്നുള്ള തുറമുഖത്തിന്‍റെ  ആധിപത്യം പൂര്‍ണ്ണമായി റഷ്യ ഏറ്റെടുക്കുകയാണ്.  മൈക്കോലൈവിലെ ജനവാസ മേഖലകളിലടക്കം ഒന്നിന് പിറകേ ഒന്നായി ഇന്ന് റോക്കറ്റുകള്‍ പതിക്കുകയായിരുന്നു. നാശനഷ്ടത്തിന്‍റെ കണക്കുകള്‍ വ്യക്തമല്ല. കാര്‍കീവിലും ഇന്നലെ രാത്രി വലിയ ആക്രമണമുണ്ടായി. യുക്രൈനിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ശക്തമായ ആക്രമണം നടന്നെന്ന്  യുക്രൈന്‍ സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇര്‍പിനിലെ ഒഴിപ്പിക്കലിനിടെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു. 
 

 
 

PREV
click me!

Recommended Stories

സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
അന്ന് വിൽക്കാനിട്ടപ്പോൾ ആര്‍ക്കും വേണ്ട, എന്ത് ചെയ്യണമെന്നറിയാതെ പാകിസ്താൻ, കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്