
ഹനോയ്: ഇന്ത്യൻ കുടുംബം വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അതിക്രമം കാട്ടിയെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും കൈയേറ്റംചെയ്തെന്നും പരാതി. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ പ്രവർത്തിക്കുന്ന ബോംബെ ബൈറ്റ്സ് എച്ച്സിഎം റെസ്റ്റോറന്റിലാണ് സംഭവം. റെസ്റ്റോറന്റ് ഉടമകളായ മൻമീതും ഭാര്യ ഐശ്വര്യ ഖന്ന സിങ്ങുമാണ് സിസിടിവി ദൃശ്യങ്ങൾ സഹിതം സംഭവത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ സോഷ്യൽമീഡിയ ഇൻഫ്ളൂവൻസർമാരെന്ന അവകാശപ്പെട്ട ഡൽഹിയിൽനിന്നുള്ള കുടുംബത്തിനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
ഇന്ത്യക്കാരായ ദമ്പതിമാരും രണ്ട് കുട്ടികളുമാണ് റെസ്റ്റോറന്റിൽ എത്തിയതെന്ന് ഉടമകൾ പറഞ്ഞു. റെസ്റ്റോറന്റിൽ പ്രവേശിച്ചതിന് പിന്നാലെ കുട്ടികൾ അവിടെയുണ്ടായിരുന്ന ടിഷ്യൂപേപ്പറും മറ്റും വലിച്ചെറിയാൻ തുടങ്ങി. ഇതോടെ ജീവനക്കാർ ദയവ് ചെയ്ത് ടിഷ്യൂ വലിച്ചെറിയരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇതുകണ്ടതോടെ മാതാപിതാക്കൾ കുട്ടികൾക്ക് കൂടുതൽ ടിഷ്യൂപേപ്പറുകൾ കൈമാറി. ഭക്ഷണം കഴിക്കുന്നയിടത്ത് കുട്ടികൾ വീണ്ടും ടിഷ്യൂപേപ്പർ വലിച്ചെറിയാൻ തുടങ്ങിയതോടെ ജീവനക്കാർ വീണ്ടും ഇടപെട്ടു. ഇതോടെയാണ് ദമ്പതിമാർ ജീവനക്കാർക്ക് നേരേ തിരിഞ്ഞതെന്നും റെസ്റ്റോറന്റിലെ സാമഗ്രികൾ തകർത്തതെന്നും ഉടമകൾ ആരോപിച്ചു. കുട്ടികളും ദമ്പതിമാരും സാധനങ്ങൾ വലിച്ചെറിയുന്നതിന്റെയും ദമ്പതിമാർ ഹോട്ടൽ ജീവനക്കാരെ കൈയേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ വിവരം പൊലീസിൽ അറിയിച്ചതായി ഹോട്ടലുടമയായ മൻമീത് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം വീണ്ടുമെത്തി പ്രശ്നങ്ങളുണ്ടാക്കിയാൽ വിവരമറിയിക്കാനും കേസെടുക്കാമെന്നുമാണ് പൊലീസ് പറഞ്ഞത്. ഇന്ത്യക്കാരായ വിനോദസഞ്ചാരികളുടെ ഇത്തരം പെരുമാറ്റം വിദേശത്ത് ഇന്ത്യൻ സഞ്ചാരികൾക്കെതിരേ തെറ്റായ മനോഭാവമുണ്ടാക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇന്ത്യൻ കുടുംബത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലും രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.
Bombay Bites HCM, a restaurant located in Ho Chi Minh City, Vietnam, reported that an Indian family allegedly caused property damage and assauIted staff members after being requested to prevent their children from throwing objects.pic.twitter.com/4dp9Uprczy
— Piyush Rai (@Benarasiyaa) June 30, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam