പാകിസ്ഥാനെ തുറന്ന് കാട്ടാനുള്ള ഇന്ത്യയുടെ ലോക ദൗത്യം വിജയകരമായി പൂർത്തിയാകുന്നു, സംഘങ്ങൾ തിരിച്ചെത്തി തുടങ്ങി

Published : Jun 03, 2025, 08:37 PM IST
പാകിസ്ഥാനെ തുറന്ന് കാട്ടാനുള്ള ഇന്ത്യയുടെ ലോക ദൗത്യം വിജയകരമായി പൂർത്തിയാകുന്നു, സംഘങ്ങൾ തിരിച്ചെത്തി തുടങ്ങി

Synopsis

ഭീകരവാദത്തിനെതിരെ ഒന്നിച്ച് നിൽക്കുക എന്ന സന്ദേശമാണ് എല്ലാ രാജ്യങ്ങളിലും സംഘങ്ങൾ നൽകിയത്. ഇന്ത്യയുടെ നീക്കം ഭീകരവാദത്തിന് എതിരെ മാത്രമായിരുന്നു എന്നതും സംഘം വിശദീകരിച്ചു

ദില്ലി: ലോക രാജ്യങ്ങളില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ ഇന്ത്യ നടത്തിയ ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നു. 33 രാജ്യങ്ങളിലേക്കയച്ച 59 അംഗങ്ങളടങ്ങുന്ന 7 സംഘങ്ങള്‍ തിരിച്ചെത്തി തുടങ്ങി. ബൈജയന്ത് പാണ്ഡെ, ശ്രീകാന്ത് ഏക് നാഥ് ഷിന്‍ഡെ എന്നിവര്‍ നേതൃത്വം നല്‍കിയ സംഘം ഇന്ത്യയില്‍ തിരിച്ചെത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് ദൗത്യത്തെ കുറിച്ച് ബൈജയന്ത് പാണ്ഡെ നേതൃത്വം നല്‍കിയ സംഘം കാര്യങ്ങള്‍ വിശദീകരിച്ചു. മറ്റ് സംഘാംഗങ്ങളും വിശദമായ റിപ്പോര്‍ട്ട് നല്‍കി കാര്യങ്ങൾ വിശദീകരിക്കും.

ബി ജെ പി എംപി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം മടങ്ങിയെത്തിയത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം ബഹറൈൻ, കുവൈറ്റ്, സൗദി അറേബ്യ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലെത്തി വിശദീകരിച്ച ശേഷമാണ് ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തിയത്. എം ഐ എം ഐ എം എം പി അസദുദ്ദീൻ ഒവൈസിയും സംഘത്തിൽ അംഗമായിരുന്നു. റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച കനിമൊഴി നേതൃത്വം നൽകിയ സംഘവും ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെത്തിയ സഞ്ജയ് ഝാ നയിച്ച ജോൺ ബ്രിട്ടാസ് അംഗമായ സംഘവും ഇന്ന് മടങ്ങിയെത്തുന്നുണ്ട്.

ഞായറാഴ്ചയോടെ മുഴുവന്‍ സംഘങ്ങളും തിരിച്ചെത്തും. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ പ്രധാനമന്ത്രി സംഘാംഗങ്ങളെ കാണും. പ്രത്യേക പാർലമെന്‍റ് സമ്മേളനം 16 ന് ചേരുമെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം നീളുകയാണ്. ദീപേന്ദർ ഹൂഡയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളിലെ എം പിമാർ ഇതിനായുളള ഒപ്പു ശേഖരണം തുടങ്ങി. ഭീകരവാദത്തിനെതിരെ ഒന്നിച്ച് നിൽക്കുക എന്ന സന്ദേശമാണ് എല്ലാ രാജ്യങ്ങളിലും സംഘങ്ങൾ നൽകിയത്. ഇന്ത്യയുടെ നീക്കം ഭീകരവാദത്തിന് എതിരെ മാത്രമായിരുന്നു എന്നതും സംഘം വിശദീകരിച്ചു. വിവിധ രാജ്യങ്ങളുടെ പ്രതികരണം സമ്മിശ്രമാണെങ്കിലും ഇന്ത്യയിൽ ഭീകരവാദികളെ സ്പോൺസർ ചെയ്യുന്നവർക്കെതിരായ ഒറ്റക്കെട്ടായ വികാരം അറിയിക്കാനായി എന്നതാണ് വിദേശകാര്യ വൃത്തങ്ങൾ വിലയിരുത്തുന്നത്.

പ്രതിനിധി സംഘങ്ങളെ പ്രധാനമന്ത്രി കാണും

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രതിനിധി സംഘങ്ങളുമായി മോദിയുടെ കൂടിക്കാഴ്ച നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ നഷ്ടങ്ങളുണ്ടെന്ന് ആവർത്തിച്ച് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ രംഗത്തെത്തിയതിന് പിന്നാലെ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെന്നാണ് വിവരം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, ശിവസേന (യു ബി ടി), ആം ആദ്മി പാർട്ടികളടക്കം ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം