
ന്യൂജഴ്സി: വിമാനത്താവളത്തിൽ അമ്മയുടെ കണ്ണൊന്ന് തെറ്റി. രണ്ട് വയസുകാരൻ കൺവേയർ ബെൽറ്റിലൂടെ ബാഗേജ് റൂമിലേക്ക്. അമേരിക്കയിലെ ന്യൂ ജഴ്സിയിലെ ന്യൂ ആർക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം. മെയ് 28നാണ് സംഭവം നടന്നത്. ജെറ്റ് ബ്ലൂ വിമാനത്തിന്റെ പുറപ്പെടൽ കൌണ്ടറിന് സമീപത്ത് നിന്നാണ് 2 വയസുകാരൻ കൺവേയർ ബെൽറ്റിൽ കയറിയത്.
ബാഗേജ് ഏരിയയിലെ കൺവെയർ ബൽറ്റിൽ കുടുങ്ങി കിടന്ന കുട്ടി വിമാനത്താവളത്തിലെ താഴത്തെ നിലയിലെ ബാഗേജ് മുറിയിൽ വരെ എത്തുകയായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായെന്ന് എയർപോർട്ട് അതോറിറ്റി വിശദമാക്കുന്നത്. എക്സ് റേ യൂണിറ്റിലേക്ക് ബെൽറ്റ് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ രണ്ട് വയസുകാരൻ എത്തിയത്. കുട്ടിയ്ക്ക് കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല.
പുറപ്പെടൽ കൌണ്ടറിന് സമീപത്ത് നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്ന കുട്ടിയുടെ അമ്മ കുട്ടി കൺവെയർ ബെൽറ്റിലേക്ക് കയറിയത് ശ്രദ്ധിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായതിന് പിന്നാലെ അമ്മ അന്വേഷണം തുടങ്ങിയപ്പോഴേയ്ക്കും കുട്ടി ബാഗേജ് റൂമിലേക്ക് എത്തിയിരുന്നു. സംഭവിച്ചത് അതീവ ഗുരുതരമായ സംഭവമാണെന്നാണ് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലാ വിഭാഗത്തിലെ മേധാവി കീത്ത് ജെഫ്രീസ് വിശദമാക്കുന്നത്. കൺവേയർ ബെൽറ്റിലേക്ക് അശ്രദ്ധമായാണ് ആളുകൾ ബാഗ് വയ്ക്കാറ്. അത്തരം സംഭവങ്ങളൊന്നുമുണ്ടാകാത്തതാണ് ബാഗേജ് റൂമിലെത്തിയിട്ടും കുട്ടിക്ക് അപകടമുണ്ടാകാത്തതിന് കാരണമെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്.
ആദ്യമായല്ല ഇത്തരം സംഭവമുണ്ടാവുന്നത്. 2021ൽ മിനെപോളിസ് വിമാനത്താവളത്തിൽ 9 വയസുകാരൻ കൺവേയർ ബെൽറ്റിൽ കുടുങ്ങിയിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ കുട്ടി ചാടിക്കയറിയ മറ്റൊരു കൺവേയർ ബെൽറ്റ് സ്ക്രീനിംഗ് റൂം വരെ 9 വയസുകാരനെ എത്തിച്ചിരുന്നു. 2019ൽ സമാനമായ സംഭവം അറ്റ്ലാൻറ വിമാനത്താവളത്തിലുമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം