റഷ്യൻ സമുദ്ര മേഖലയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു, ആശങ്ക അറിയിച്ച് വിദേശകാര്യ മന്ത്രാലയം

Published : Jul 25, 2026, 01:54 AM ISTUpdated : Jul 25, 2026, 02:01 AM IST
indian sailor

Synopsis

റഷ്യൻ സമുദ്ര മേഖലയിൽ കരിങ്കടലിൽ എംവി ഒമോർഫി എന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും സമുദ്ര യാത്രകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

മോസ്കോ: റഷ്യൻ സമുദ്ര മേഖലയിൽ കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ജൂലൈ 18ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ കടന്നു പോകവേയാണ് എംവി ഒമോർഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിൽ ആകെ ഉണ്ടായിരുന്നത് 10 ജീവനക്കാരാണ്. ഇവരിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. ഇതിൽ ഒരു ഇന്ത്യൻ നാവികനാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കരിങ്കടലിൽ ഇത്തരം ആക്രമണങ്ങൾ തുടരുന്നത്. ജൂലൈ 19-ന് എംവി ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർക്കാണ് ജീവൻ നഷ്ടമായത്. സമുദ്ര യാത്രകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള വ്യാപാരം തടസ്സ രഹിതമായി മുന്നോട്ട് കൊണ്ടു പോകുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തു.

ചരക്കു കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സ്വതന്ത്ര സമുദ്ര സഞ്ചാരത്തിനും ആഗോള വ്യാപാരത്തിനും നേരെയുണ്ടാകുന്ന ഇത്തരം ആക്രണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

മലയാളി അടക്കം നാല് പേർ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 'എംവി ഗോൾഡൻ ലിയോ' എന്ന ചരക്കു കപ്പലിലിന് നേരെ ആയിരുന്നു ആക്രമണം. കാസർകോട് സ്വദേശി അഖിൽ ജോയൻ (26) അടക്കം നാല് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ആറു വർഷമായി ഈ കപ്പലിൽ നാവികനായി ജോലി ചെയ്തുവരികയായിരുന്ന അഖിൽ. ഉടൻ തന്നെ ജോലി മാറി മറ്റൊരു സ്ഥാപനത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പതിനാറാം വയസ്സിൽ പഠനം പൂർത്തിയാക്കി 19-ാം വയസ്സിലാണ് അഖിൽ മർച്ചന്‍റ് നേവിയിൽ ചേർന്നത്. വിവാഹ നിശ്ചയത്തിനായി മൂന്ന് മാസം മുൻപാണ് അഖിൽ അവസാനമായി നാട്ടിലെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസം മുൻപാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് ദുരന്ത വാർത്ത എത്തിയത്.

ഗിനി-ബിസാവു പതാകയേന്തിയ കപ്പൽ ഒഡേസ തുറമുഖത്തു നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യൻ സേനയുടെ ആക്രമണമുണ്ടായത്. യുക്രൈനിൽ നിന്ന് ചോളം കയറ്റി അയക്കുകയായിരുന്ന കപ്പലിലെ 10 ജീവനക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഖിലിന് പുറമെ വേറെ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. സിറിയയിൽ നിന്നുള്ള അഞ്ച് നാവികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കപ്പലിലുണ്ടായിരുന്ന എട്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്റെ മുന്നറിയിപ്പ്, അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഗൾഫ് രാജ്യങ്ങൾക്ക്, അര കിലോമീറ്റർ എങ്കിലും അകലം പാലിക്കണം
സുപ്രധാനം, പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കയിലേക്ക്