
ടെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും കൂടുതൽ കലുഷിതമായേക്കുമെന്ന് സൂചന. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക താവളങ്ങൾക്കും സാനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് ജനങ്ങൾ കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കണമെന്നാണ് ഇറാൻ വിപ്ലവ ഗാർഡിന്റെ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് നിർദ്ദേശം.
പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളും വൻ ഭീതിയിലാണ്. സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങളും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനെതിരെ പുതിയ സൈനിക നടപടി ആലോചിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഓപ്പറേഷൻ എപിക് ഫ്യൂറിയേക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ മാധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രതികരണം. ഇറാൻ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു കരാറിലെത്താൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
"ഞാൻ ഒരു വലിയ ആക്രമണത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇതുവരെ ഉണ്ടായതിനേക്കാൾ വലുത്. ഞാൻ ഒരു തീരുമാനമെടുക്കാൻ അടുത്തിരിക്കുകയാണ്. ഞങ്ങൾ ഇതിനായി എല്ലാം സജ്ജമാക്കിയിട്ടുണ്ട്"- ട്രംപ് പറഞ്ഞു. ഇറാന് ഇതുവരെ ആവശ്യത്തിന് വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ സേന ഇറാനിൽ ഇറങ്ങിയുള്ള ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ആശങ്ക ട്രെഹ്രാനിൽ നിലനിൽക്കുന്നതിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. ഇറാനിൽ കാലുകുത്തിയാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam