പൗരത്വ ഭേദ​ഗതി; നയതന്ത്രപ്രതിനിധിക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ബം​ഗ്ലാദേശ്

By Web TeamFirst Published Dec 14, 2019, 9:32 PM IST
Highlights

ഡോ. ഷാ മുഹമ്മദ് തൻവീർ മൻസൂറിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി കമ്രുൽ അഹ്സാൻ വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ ഹൈക്കമ്മീഷണർ റിവ ഗാംഗുലി ദാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ധാക്ക: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് അലയടിക്കുന്ന പശ്ചാത്തലത്തിൽ നയതന്ത്രപ്രതിനിധിക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബം​ഗ്ലാദേശ്. ബുധനാഴ്ച ​ഗുവാഹത്തിയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണർക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ബം​ഗ്ലാദേശിന്റെ നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധത്തിനിടെയായിരുന്നു അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ഡോ. ഷാ മുഹമ്മദ് തൻവീർ മൻസൂറിന് നേരെ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷണർ റിവ ഗാംഗുലി ദാസിനെ വിളിച്ചുവരുത്തി ബം​ഗ്ലാദേശ് പ്രതിഷേധമറിയിച്ചിരുന്നു.

ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ഡോ. ഷാ മുഹമ്മദ് തൻവീർ മൻസൂറിനും അം​ഗരക്ഷകർക്കും നേരെ ആക്രമണമുണ്ടായതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. അസമ്മിൽ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിനിടെ ചാൻസറിക്ക് സമീപം ജനകൂട്ടം രണ്ട് സൈൻ ബോർഡുകൾ തകർത്തിരുന്നു. ഇതിന് പിന്നാലെ ഗുവാഹത്തിയിലെ നിയുക്തസംഘത്തിന് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടുകയായിരുന്നുവെന്ന് ധാക്കയിലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഡോ. ഷാ മുഹമ്മദ് തൻവീർ മൻസൂറിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി കമ്രുൽ അഹ്സാൻ വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ ഹൈക്കമ്മീഷണർ റിവ ഗാംഗുലി ദാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ഡോ. ഷാ മുഹമ്മദ് തൻവീർ മൻസൂറിന് ഉൾപ്പടെ രാജ്യത്തെ മുഴുവൻ നയതന്ത്രപ്രതിനിധികളുടെയും സുരക്ഷ വർദ്ധിപ്പിച്ചതായി ​ഗാം​ഗുലി ഉറപ്പുനൽകിയിട്ടുണ്ട്. ദില്ലിയിലെ ഹൈക്കമ്മീഷന് പുറമെ കൊൽക്കത്ത, ഗുവാഹത്തി, ത്രിപുര, മുംബൈ എന്നിവിടങ്ങളിലും  ബംഗ്ലാദേശിന്റെ നിയുക്തസംഘങ്ങളുണ്ട്.   
    
 

click me!